പച്ചക്കറിക്കൂട്ടിൽ ആയുർവേദ വിപ്ലവം

Share our post

പിണറായി: തരിശായി കിടന്ന പിണറായി ഗവ. ആയുർവേദ ആസ്പത്രി വളപ്പിലിപ്പോൾ പുഷ്ടിയോടെ വളരുന്ന പച്ചക്കറികളും ഔഷധ സസ്യങ്ങളുമൊക്കെയാണ്. ആരോഗ്യസേവനത്തിനൊപ്പം കൃഷിയിലും വിജയഗാഥ രചിക്കുകയാണ് ആരോഗ്യപ്രവർത്തകർ. തുടർച്ചയായി നാലാം വർഷവും മട്ടുപ്പാവിൽ കൃഷിചെയ്ത്‌ വിളവെടുത്ത പച്ചക്കറികൾ ബഡ്സ് സ്കൂളുകൾക്കും അങ്കണവാടികൾക്കും ബി.പി.എൽ കുടുംബങ്ങൾക്കും സൗജന്യമായി നൽകിയാണ്‌ ഇവർ വ്യത്യസ്‌തരാകുന്നത്‌.

പിണറായി കൃഷി ഭവന്റെ സഹകരണത്തോടെയാണ് ആദ്യഘട്ടത്തിൽ കൃഷി ചെയ്തതെങ്കിലും പിന്നീട് വിത്തും തൈകളും വളവും ജീവനക്കാർ അവരുടെ ശമ്പളത്തിൽനിന്ന് ഒരു വിഹിതം മാറ്റിവച്ചാണ് വാങ്ങിയത്. മെഡിക്കൽ ഓഫീസർ ബിജോ ജോസ് മട്ടുപ്പാവ് പച്ചക്കറി കൃഷിക്ക്‌ നല്ല പിന്തുണയാണ് നൽകുന്നത്. കൃഷിയുടെ ചുക്കാൻ പിടിക്കുന്നത്‌ ജീവനക്കാരനായ കക്കോത്ത് പ്രഭാകരനാണ്‌. ഔഷധസസ്യ തോട്ടങ്ങൾ നിർമിക്കുന്നതിനും ഔഷധസസ്യങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്നതിനും വലിയൊരു തുകയാണ് ശമ്പളത്തിൽനിന്ന് അദ്ദേഹം മാറ്റിവയ്‌ക്കുന്നത്.

നല്ല തിരക്കുള്ള ആസ്പത്രിയിൽ നാല് ജീവനക്കാരാണുളളത്. ഒഴിവ് ദിനങ്ങളിലും ആശുപത്രിയുടെ പ്രവർത്തനം തുടങ്ങുന്നതിന് മുമ്പും ശേഷവുമാണ് കൃഷിക്ക്‌ സമയം കണ്ടെത്തുന്നത് . പുതിയ ആയുർവേദ ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടൊപ്പം കൃഷിയുടെ വ്യാപ്തി കൂട്ടുക എന്ന ദൗത്യമാണ് മുന്നിലുള്ളതെന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞു.

ആസ്പത്രിയിൽ ഔഷധത്തോട്ടമുണ്ടെങ്കിലും 500 ഔഷധസസ്യങ്ങളുടെ മ്യൂസിയമാണ് ജീവനക്കാർ സ്വപ്നം കാണുന്നത്. പാഷൻ ഫ്രൂട്ട് കൃഷി, തേനീച്ച കൃഷി, ഗപ്പി മീൻ വളർത്തൽ, കഷായ വേസ്‌റ്റുകൊണ്ട്‌ കമ്പോസ്റ്റ് നിർമാണം, സൗജന്യ ഔഷധ സസ്യവിതരണം ഒക്കെയുണ്ട്‌ ഇവരുടെ പ്രവർത്തനങ്ങളിൽ. നിരവധി പുരസ്കാരങ്ങളും ഇവരെ തേടിയെത്തി. ജീവനക്കാരായ പി പ്രമോദും കെ സി ഷീബയും എല്ലാ പ്രവർത്തനങ്ങളിലും സജീവമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!