ടാറിങ് പൂർണമായി തകർന്നു; എങ്ങനെ കയറുമീ ചുരം ?

Share our post

പാൽച്ചുരം : ടാറിങ് പൂർണമായി തകർന്നതിനെ തുടർന്ന് കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ ഗതാഗതം ദുഷ്കരമായി. കണ്ണൂർ – വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബോയ്സ് ടൗൺ റോഡിലെ ചുരം ഭാഗമാണ് റോഡ് പൂർണമായി തകർന്നത്. കോവിഡ് കാലത്തിനു ശേഷം മാത്രം ഈ റോഡിൽ 63 ലക്ഷം രൂപയുടെ അറ്റകുറ്റപണികൾ നടത്തിയിട്ടുണ്ട്.

ടാറിങ് പൂർണമായി പൊളിച്ചു നീക്കി വീണ്ടും റോഡിന്റെ ഉപരിതലം പുതുക്കി പണിതിരുന്നു. എന്നാൽ വലിയഭാരം കയറ്റിയ ചരക്കു വാഹനങ്ങളും ചെങ്കല്ല് കയറ്റിയ ലോറികളും നിരന്തരം കടന്നു പോകുന്നതിനെ തുടർന്നാണു ചുരത്തിലെ ദുർഘടമായ ഭാഗത്തെ ടാറിങ് തകരുന്നതെന്നു നാട്ടുകാർ പറയുന്നു.

കണ്ണൂർ വിമാനത്താവളത്തിലേക്ക് നിർമിക്കുന്ന നാലുവരി പാതയുടെ ഭാഗം എന്ന നിലയിൽ റോഡ് ഫണ്ട് ബോർഡ് ഈ ചുരം റോഡിനെ ഏറ്റെടുത്തിരുന്നു. എല്ലാ വർഷവും ചുരം മേഖലയിലെ അറ്റകുറ്റപണികൾക്കായി വൻ തുകകൾ നീക്കി വയ്ക്കാറുണ്ടെങ്കിലും ഓരോ പണികൾ കഴിഞ്ഞു ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ റോഡ് തകരുന്ന സ്ഥിതിയാണ്.

ഈ വർഷം ചുരം ഭാഗത്തിനു സമീപം റോഡിലെ കുഴികൾ അടച്ചിരുന്നു. എന്നാൽ രണ്ടു ദിവസത്തിനകം അതും തകർന്നു. 2018ലും 2019ലും ഉണ്ടായ ഉരുൾപൊട്ടലുകളെ തുടർന്ന് ചുരത്തിലെ റോഡിന്റെ വശങ്ങൾ തകർന്നു പോയിരുന്നു. ഈ ഭാഗങ്ങളിൽ താൽക്കാലിക സംരക്ഷണത്തിനുള്ള നടപടികൾ മാത്രമാണു സ്വീകരിച്ചത്.

5 മീറ്റർ മാത്രമാണു ചുരത്തിലെ പല ഇടങ്ങളിലും റോഡിന്റെ ആകെ വീതി. റോഡ് തകരുന്നതിനാൽ ചെറിയ വാഹനങ്ങളുമായി എത്തുന്നവരാണു കുടുങ്ങുന്നത്. കയറ്റത്തിൽ വാഹനം നിന്നു പോകുന്നതും കുഴിയിൽ നിന്നു കയറാൻ കഴിയാതെ വരുന്നതും ഗതാഗതക്കുരുക്കുകൾക്കും കാരണമാകുന്നുണ്ട്. നിർമാണ വസ്തുക്കളുമായി ചുരം കയറി പോകുന്ന വാഹനങ്ങളിൽ നിന്നു തെറിച്ചു വീഴുന്ന കല്ലുകളും ചെറു വാഹനങ്ങൾക്കും പിന്നാലെ കയറ്റം കയറി ചെല്ലുന്ന വാഹനങ്ങൾക്കും ഭീഷണിയാകുന്നുണ്ട്.

കല്ലും മണലും കൽപ്പൊടിയും കയറ്റി പോകുന്ന വാഹനങ്ങളിൽ നിന്ന് ഉയരുന്ന പൊടിയും പ്രശ്നം സൃഷ്ടിക്കുന്നതായും പരാതിയുണ്ട്. വിമാനത്താവളത്തിലേക്ക് നാലുവരി പാതയ്ക്കായി റോഡ് ഫണ്ട് ബോർഡ് ഏറ്റെടുത്ത ഈ റോഡ് പക്ഷെ, ചുരം ഭാഗത്ത് പരമാവധി ലഭിക്കുന്ന വീതിയിൽ മാത്രമാകും വികസിപ്പിക്കുക.

അമ്പായത്തോട് മുതൽ മാനന്തവാടി വരെയുള്ള വിമാനത്താവള റോഡ് രണ്ടു വരി പാത മാത്രമായിരിക്കും എന്നും റോഡ് ഫണ്ട് ബോർഡ് അറിയിച്ചിരുന്നു.വിമാനത്താവള റോഡിന്റെ ഭാഗമാക്കിയതോടെ അറ്റകുറ്റപണികളും വൈകുമെന്ന ഭീതിയിലാണ് നാട്ടുകാർ.

കെഎസ്ആർടിസിയുടെ മുപ്പതോളം സർവീസുകൾ ഈ റോഡിലുണ്ട്. സ്കൂൾ, കോളജ്, സർക്കാർ ഓഫിസുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് പോകുന്ന നൂറുകണക്കിന് സ്ഥിരം യാത്രക്കാർ ഈ റോഡ് ഉപയോഗിക്കുന്നുണ്ട്. റോഡിന്റെ അറ്റകുറ്റപണികൾ വൈകിയാൽ വൻ അപകടങ്ങൾക്കും സാധ്യത ഉള്ളതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!