സ്‌കൂള്‍ ബസിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

Share our post

മലപ്പുറം: താനൂരില്‍ സ്‌കൂള്‍ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥി വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ ബസിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യും. സ്‌കൂള്‍ വാഹനത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കാനും തീരുമാനിച്ചു. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കലക്റ്റര്‍ക്ക് ശുപാര്‍ശ നല്‍കും. ഇന്ന് മോട്ടോര്‍ വാഹന വകുപ്പ് സ്‌കൂളില്‍ പരിശോധന നടത്തും.

ഇന്നലെയാണ് സ്‌കൂള്‍ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥി വാഹനമിടിച്ച് മരിച്ചത്. താനൂര്‍ തെയ്യാല പാണ്ടിമുറ്റത്ത് ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം ഉണ്ടായത്. പാണ്ടിമുറ്റം സ്വദേശി വെളിയത്ത് ഷാഫിയുടെ മകള്‍ ഷഫ്ന ഷെറിന്‍ ആണ് മരിച്ചത്. താനൂര്‍ നന്നമ്പ്ര എസ്എന്‍ യുപി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.

സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങി വാഹനത്തിനു പിന്നിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ എതിര്‍ ദിശയില്‍ നിന്ന് വന്ന ഗുഡ്‌സ് ഓട്ടോ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!