പഞ്ചാബ് നാഷണൽ ബാങ്ക് , 12.68 കോടി തട്ടിയെടുത്ത മുൻ മാനേജർ പിടിയിൽ

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിൽ കോഴിക്കോട് കോർപ്പറേഷന്റേതുൾപ്പെടെ അക്കൗണ്ടുകളിൽ തിരിമറി നടത്തി 12.68 കോടി തട്ടിയെടുത്ത കേസിൽ രണ്ടാഴ്ചയിലേറെയായി ഒളിവിലായിരുന്ന മുൻ മാനേജർ നായർകുഴി, ഏരിമല, പറപ്പാറമ്മൽ വീട്ടിൽ എം.പി. റിജിലിനെ (32) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബാങ്കിൽ 21.29 കോടിയുടെ തിരിമറി നടത്തിയാണ് ഇത്രയധികം തുക ഇയാൾ തട്ടിയെടുത്തത്. വീടിന് സമീപത്തെ ഏരിമല കുറ്റ്യേരിമ്മലിലെ ബന്ധുവീട്ടിൽ നിന്ന് ഇന്നലെ വൈകിട്ടോടെയാണ് പിടികൂടിയത്.
രാത്രി ഏഴരയോടെ കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. വിശദമായി ചോദ്യം ചെയ്തശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയിലാണ് തട്ടിപ്പ് നടന്നത്.തട്ടിയെടുത്ത തുകയിൽ പത്ത് കോടിയിലധികം രൂപ ഇയാൾ ഓഹരി ഇടപാടുകൾക്ക് ഉപയോഗിച്ചതായും ഓൺലൈൻ റമ്മി കളിക്ക് വിവിധ ആപ്പുകൾ വഴി പണം കൈമാറ്റം ചെയ്തിരുന്നതായും കണ്ടെത്തിയിരുന്നു. തട്ടിപ്പ് പുറത്തായതിന് പിന്നാലെ കഴിഞ്ഞ 29നാണ് ഇയാൾ ഒളിവിൽ പോയത്.
ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ എട്ടിന് തള്ളിയിരുന്നു. തുടർന്ന് ഇയാൾക്കായി വിമാനത്താവളങ്ങളിലടക്കം ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു.കോർപ്പറേഷൻ ഓഫീസിലും ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയിലും റിജിൽ അവസാനം ജോലി ചെയ്ത എരഞ്ഞിപ്പാലം ശാഖയിലും ക്രൈംബ്രാഞ്ച് നേരത്തെ പരിശോധന നടത്തിയിരുന്നു.ബാങ്കിലെയും കോർപ്പറേഷനിലെയും ചില ജീവനക്കാർക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ അന്വേഷണം തുടരുന്നു.
തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ഇയാൾ മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.കോർപ്പറേഷന് മുഴുവൻതുകയും മടക്കി നൽകിപ്രതി തിരിമറി നടത്തിയതിലൂടെ കോഴിക്കോട് കോർപ്പറേഷന് നഷ്ടമായ മുഴുവൻ തുകയും ബാങ്ക് തിരികെ നൽകി. 12.60 കോടിയാണ് കോർപ്പറേഷൻ നിക്ഷേപിച്ചിരുന്നത്. നേരത്തെ 2.53 കോടി നൽകിയിരുന്നു.
ശേഷിച്ച 10.07 കോടി ബാങ്കിലെ ഉന്നതതല യോഗത്തിന് ശേഷം ഇന്നലെ വൈകിട്ടോടെ ലഭ്യമാക്കി. അതേസമയം, അക്കൗണ്ട് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് മാറ്റുന്നതിനെക്കുറിച്ച് കോർപ്പറേഷൻ വൈകാതെ തീരുമാനമെടുക്കുമെന്ന് സൂചനയുണ്ട്.