സർക്കാർ – ഗവർണർ പോരിൽ നിയമോപദേശത്തിനായി ഖജനാവിൽ നിന്ന് പോയത് കോടികൾ; കണക്കുകൾ പുറത്ത്

തിരുവനന്തപുരം: സർക്കാർ – ഗവർണർ പോര് തുടരുകയാണ്. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടാത്തതുമായി ബന്ധപ്പെട്ടുള്ള നിയമോപദേശത്തിന് സർക്കാർ ഖജനാവിൽ നിന്ന് പോയത് അരക്കോടിയോളം രൂപയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അധികാരത്തിൽ വന്നതിന് ശേഷം നിയമോപദേശത്തിന് മാത്രം മൂന്ന് കോടി അറുപത്തിമൂന്ന് ലക്ഷത്തിലധികം രൂപയാണ് ചെലവിട്ടതെന്നാണ് റിപ്പോർട്ടുകൾ. നിയമപരമായ സഹായങ്ങൾക്ക് ഇപ്പോഴുള്ള സംവിധാനങ്ങൾ പര്യാപ്തമാണെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് പുറത്തുനിന്ന് നിയമസഹായം തേടിയതിന് കോടികൾ ചെലവഴിച്ചിരിക്കുന്നത്.
സർവകലാശാല ബില്ലുകളും ധനമന്ത്രിയിൽ പ്രീതി നഷ്ടപ്പെട്ടെന്ന ഗവർണർ പറഞ്ഞതിനെക്കുറിച്ചുള്ള കൂടിയാലോചനകൾക്കും മറ്റും ചെലവ് പതിനഞ്ച് ലക്ഷം രൂപ. 2016 മുതൽ വിവിധ കേസ് നടത്തിപ്പിനും നിയമോപദേശത്തിനും സർക്കാർ സംവിധാനത്തിന് പുറത്ത് എട്ട് കോടിയിലധികം രൂപ ചെലവാക്കിയെന്നാണ് റിപ്പോർട്ടുകൾ.