ദേശീയപാതയിൽ 11 മണിക്കൂർ ഗതാഗതം മുടങ്ങി

പയ്യന്നൂർ: ദേശീയപാതയിൽ ഏഴിലോട് പാചകവാതക ടാങ്കർ ലോറി മറിഞ്ഞതിനെത്തുടർന്ന് 11 മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ടാങ്കറാണ് ചൊവ്വ രാത്രി 8.15ന് ഏഴിലോട് കോളനി സ്‌റ്റോപ്പിന് സമീപം മറിഞ്ഞത്.
വാതകം ചോരാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം. മദ്യലഹരിയിൽ ടാങ്കർ ഓടിച്ച ഡ്രൈവർ തമിഴ്‌നാട് നാമക്കൽ എരുമപ്പെട്ടി അണ്ണപ്പ നഗറിലെ എസ് മണിവേലു (40)വിനെ പരിയാരം പോലീസ് അറസ്‌റ്റുചെയ്‌തു. അപകട വിവരമറിഞ്ഞ് ഡിവൈഎസ്‌പി കെ ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ പൊലീസും അഗ്നിരക്ഷാസേന ഓഫീസർ ടി കെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി. അപകടത്തെതുടർന്ന് ടാങ്കർ ലോറിയുടെ ഡീസൽ ടാങ്കിനുണ്ടായ ചോർച്ച അഗ്നിരക്ഷാ സേന ജീവനക്കാർ അടച്ചു.
ദേശീയപാതയിൽ കനത്ത സുരക്ഷക്രമീകരണങ്ങളോടെ നിയന്ത്രണം ഏർപ്പെടുത്തി. ബുധൻ രാവിലെ ആറോടെ മംഗളൂരുവിൽനിന്നും ഐഒസിയുടെ സേഫ്‌റ്റി ഓഫീസർ സ്ഥലത്തെത്തി പാചകവാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റാൻ അനുമതി നൽകി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.തുടർന്ന് സമീപമുള്ള വീട്ടുകാർക്കും സ്ഥാപനഉടമകൾക്കും പോലീസ് നിർദേശം നൽകി ഒഴിപ്പിച്ചു.
പയ്യന്നൂർ ഭാഗത്തുനിന്നുമുള്ള വാഹനങ്ങളെ എടാട്ട് കോളേജ് സ്‌റ്റോപ്പിൽനിന്നും കുഞ്ഞിമംഗലം ഹനുമാരമ്പലം റോഡിലൂടെയും പിലാത്തറയിൽനിന്നുമുള്ള ഹനുമാരമ്പലം വഴിയും മാതമംഗലം റോഡ് വഴിയും തിരിച്ചുവിട്ടു. അതീവ സുരക്ഷയിൽ വൈകിട്ട് അഞ്ചോടെ പാചകവാതകം മാറ്റുന്ന പ്രവർത്തി പൂർത്തിയാക്കിയ ശേഷം വാഹന ഗതാഗതം പുനഃസ്ഥാപിച്ചു.
വളപട്ടണത്തുനിന്ന് ഖലാസികളെത്തിയാണ് ടാങ്കർ ഉയർത്തിയത്. മദ്യലഹരിയിൽ വാഹനമോടിച്ചതിന് ടാങ്കർലോറി ഡ്രൈവർ എസ് മണിവേലുവിനെതിരെ പരിയാരം പോലീസ് കേസെടുത്തു. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.