സ്‌ത്രീകളെ എത്തിക്കും തൊഴിലരങ്ങത്തേക്ക്

Share our post

കണ്ണൂർ: വിവിധ കാരണങ്ങളാൽ തൊഴിലവസരങ്ങൾ നഷ്ടപ്പെട്ട സ്ത്രീകൾക്ക് കേരള നോളജ് ഇക്കോണമി മിഷന്റെ ‘ തൊഴിലരങ്ങത്തേക്ക്’ പദ്ധതി. ജില്ലാതല വിശദീകരണ യോഗം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു.
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് സ്വകാര്യ മേഖലയിൽ പരമാവധി തൊഴിൽ അവസരം ലഭ്യമാക്കുക, നോളജ് മിഷന്റെ പ്രവർത്തനങ്ങൾ തൊഴിൽ അന്വേഷകരിൽ എത്തിക്കുക, ഡിഡബ്ല്യുഎം.എസ് പോർട്ടലിന്റെ സാധ്യത പരിചയപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

പ്രാദേശിക തൊഴിൽ ദാതാക്കളെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കണ്ടെത്തി സ്ത്രീകൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ഉറപ്പുവരുത്തും. ഇതിനായി രണ്ടുമാസത്തെ തീവ്ര ക്യാമ്പയിൻ നടത്തും. നോളജ് മിഷൻ കുടുംബശ്രീയുടെ സഹകരണത്തോടെ നടത്തിയ സർവേയിൽ പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള, 59 വയസ്സിൽ താഴെ പ്രായമുള്ള 53 ലക്ഷം തൊഴിലന്വേഷകരെ കണ്ടെത്തിയിരുന്നു. ഇവരിൽ 58 ശതമാനം സ്ത്രീകളാണ്. ഈ സർവേയുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടം മാർച്ച് എട്ടിന് വനിതാ ദിനത്തിൽ പൂർത്തിയാകും.
നോളജ് മിഷൻ സംസ്ഥാന കോ ഓഡിനേറ്റർ പി .എസ് ശ്രീകല ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി .ദിവ്യ അധ്യക്ഷയായി. ജജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ ഗംഗാധരൻ, ജില്ലാ പഞ്ചായത്തംഗം ഇ വിജയൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സി എം കൃഷ്ണൻ എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!