യുവാവിനെ വഴിയിൽ തടഞ്ഞ് ബന്ദിയാക്കി മർദ്ദിച്ച മൂന്ന് പേർ അറസ്റ്റിൽ

ചൊക്ലി:യുവാവിനെ വഴിയിൽ തടഞ്ഞ് ബന്ദിയാക്കി ആക്രമിക്കുകയും പണം കവരുകയുംചെയ്ത കേസിൽ മൂന്നുപേരെ ചൊക്ലി പൊലീസ് അറസ്റ്റുചെയ്തു.പെരിങ്ങത്തൂർ ഒലിപ്പിൽ സ്വദേശികളായ കോറോത്ത് റജിസിൻ (27), മൂന്നങ്ങാടി സെയ്ദിന്റവിടെ സാദത്ത് (32), ഫനർ ഹൗസിൽ റിസ്വാൻ റഫീഖ് (27) എന്നിവരെയാണ് ചൊക്ലി പൊലീസ് ഇൻസ്പെക്ടർ സി ഷാജുവിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. പയ്യന്നൂർ വെള്ളൂർ മുപ്പന്റകത്ത് സുഹൈലി(38)ന്റെ പരാതിയിലാണ് അറസ്റ്റ്.
ചൊവ്വാഴ്ച രാത്രി പത്തരയോടെ പുളിയനമ്പ്രം ഒലിപ്പിലാണ് സംഭവം. വിദേശത്തുള്ള സഹപ്രവർത്തകന്റെ വീട്ടിലെത്തിയ സുഹൈലിനെ മർദിക്കുകയും പുലർച്ചെ നാലരവരെ ബന്ദിയാക്കുകയുമായിരുന്നു.
കാറിലുണ്ടായിരുന്ന മൂവായിരം രൂപയും എടിഎം കാർഡുപയോഗിച്ചു 15,000 രൂപയും കവർന്നു. വിദേശത്തുള്ള സുഹൃത്തിന്റെ ഭാര്യയെയും ചേർത്ത് അപവാദപ്രചരണം നടത്തുമെന്നും വീഡിയോ ചിത്രീകരിച്ച് നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
വിദേശത്തേക്ക് തിരിച്ചുപോകുന്നതിനിടെ സുഹൃത്തിന് കൊടുക്കാനുള്ള ചില സാധനങ്ങൾ എടുക്കാനാണ് സുഹൈൽ ഒലിപ്പിലെത്തിയത്.പയ്യന്നൂരിൽനിന്ന് നേരത്തെ തിരിച്ചതാണെന്നും മറ്റു ചില സ്ഥലങ്ങളിൽകൂടി പോകേണ്ടി വന്നതിനാലാണ് ഇവിടെ എത്താൻ രാത്രിയായതെന്നും ഇവിടെനിന്ന് ബംഗളൂരുവിലേക്കും അതുവഴി വിദേശത്തേക്ക് പോകുകയായിരുന്നു ഉദ്ദേശമെന്നും സുഹൈൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.