പ്രവാസി സംരംഭക ശിൽപശാലക്ക് തുടക്കം

Share our post

പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്‌സും സർക്കാർ സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റും (സി എം ഡി) സംയുക്തമായി നടത്തുന്ന ഏകദിന ശിൽപശാലക്ക് കണ്ണൂരിൽ തുടക്കമായി. സംസ്ഥാനത്തെ 10 കേന്ദ്രങ്ങളിൽ നടത്തുന്ന സംരംഭകത്വ ശിൽപശാലയുടെ ആദ്യ പരിപാടി കണ്ണൂർ സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ എസ് ബി ഐ റീജ്യണൽ മാനേജർ ടി വി സഞ്ജീവ് ഉദ്ഘാടനം ചെയ്തു.

സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികളെയും വിദേശത്ത് നിന്ന് തിരികെ എത്തിയവരെയും വിവിധ മേഖലകളിലെ സംരംഭകത്വ സാധ്യതകൾ പരിചയപ്പെടുത്തുകയും ആവർത്തന സംരംഭങ്ങളിൽനിന്നും വ്യത്യസ്ത ആശയങ്ങൾ കൈമാറുകയുമാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. നോർക്ക റൂട്ട്‌സ്, വ്യവസായ വകുപ്പ്, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ, വകുപ്പുകൾ എന്നിവ വഴി നടപ്പാക്കുന്ന വിവിധതരം സഹായ പദ്ധതികൾ, വ്യവസായ ലൈസൻസുകൾ, ജി എസ് ടി എന്നിവ സംബന്ധിച്ച് ബോധവത്കരണവും സംശയങ്ങൾക്കുള്ള മറുപടിയും നൽകി.

നോർക്ക പ്രവാസി പുനരധിവാസ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാത്ത പ്രവാസികൾക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസരവും ഒരുക്കി. നോർക്ക റീജ്യണൽ മാനേജർ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. സി എം ഡി അസോസിയേറ്റ് പ്രൊഫസർ പി ജി അനിൽ മുഖ്യപ്രഭാഷണം നടത്തി. കോർപറേഷൻ വ്യവസായ വികസന ഓഫീസർ ജീനു ജോൺ വ്യവസായ വകുപ്പിന്റെ പദ്ധതികൾ വിശദീകരിച്ചു.

കോർപറേറ്റ് മെൻഡർ ഡോ. കെ പി നജ്മുദ്ദീൻ ‘സംരംഭകത്വ വികസനം’ എന്ന വിഷയത്തിൽ ക്ലാസെടുത്തു. സി എം ഡി പ്രൊജക്ട് ഓഫീസർ ജി ഷിബു, പ്രൊജക്ട് കോ-ഓർഡിനേറ്റർ എൻ വി മുരളീകൃഷ്ണൻ എന്നിവർ സംസാരിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലെ 150 ഓളം പേർ പങ്കെടുത്തു. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും തുടർന്നുള്ള ദിവസങ്ങളിൽ സൗജന്യ ശിൽപശാല നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!