ബിവറേജസ് ഔട്ട്ലറ്റ് കുത്തിത്തുറന്ന് 31 കുപ്പി മദ്യം കവര്‍ന്നു; മോഷണം വൈദ്യുതി വിച്ഛേദിച്ചശേഷം

Share our post

വര്‍ക്കല: തിരുവനന്തപുരം വര്‍ക്കലയില്‍ ബിവറേജസ് ഔട്ട്ലറ്റിന്റെ പൂട്ട് കുത്തിത്തുറന്ന് മദ്യം മോഷ്ടിച്ചു. 50,340 രൂപ വിലവരുന്ന 31 കുപ്പി മദ്യമാണ് മോഷണംപോയത്. പുലര്‍ച്ചെ 1.30-യോടെയാണ് സംഭവം. ഔട്ലെറ്റ് മാനേജര്‍ ക്യാബിന് സമീപത്തു സൂക്ഷിച്ചിരുന്ന വിലകൂടിയ, മുന്തിയ ഇനം വിദേശനിര്‍മ്മിത മദ്യമാണ് മോഷ്ടിച്ചത്. ഓഫീസില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണും മോഷണം പോയിട്ടുണ്ട്.

മൂന്നംഗ സംഘമാണ് മോഷണത്തിന് പിന്നില്‍. ഔട്ലെറ്റിന്റെ പൂട്ട് തകര്‍ത്ത് ഗ്രില്‍ വളച്ചാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. ഷെല്‍ഫ് പൊളിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഓഫീസ് ഫയലുകളും മറ്റും വലിച്ചുവരിയിട്ട നിലയിലായിരുന്നു. ഔട്ട്ലറ്റ് ഓഫീസില്‍ ഉണ്ടായിരുന്ന മൂന്ന് ബാഗുകളിലാണ് ഇവര്‍ 31 കുപ്പി മദ്യവും കടത്തിയത്.

ബിവറേജസ് ഔട്ട്ലറ്റിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചതിന് ശേഷമാണ് മോഷ്ടാക്കള്‍ ഉള്ളില്‍ പ്രവേശിച്ചത്. അതിനാല്‍ ഔട്ട്ലറ്റിനുള്ളിലെ സി.സി.ടി.വിയില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ലഭ്യമായില്ല. തുടര്‍ന്ന്, സമീപത്തെ ലോഡ്ജിന്റെ സിസിടിവി പരിശോധിച്ചതോടെയാണ് മൂന്നുപേര്‍ ഔട്ട്ലറ്റിനുള്ളില്‍ കടക്കുന്ന തിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്.

സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!