ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവൽ: ഓൺലൈൻ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നാളെ മുതൽ

തളിപ്പറമ്പ്: കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി 19 മുതൽ 21 വരെ തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഓൺലൈൻ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നാളെ രാവിലെ 10 ന് ആരംഭിക്കും. പൊതുവിഭാഗത്തിന് 300 രൂപയും വിദ്യാർത്ഥികൾക്ക് 150 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.
iffk.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായും തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള സംഘാടക സമിതി ഓഫീസിൽ ഓഫ് ലൈനായും രജിസ്‌ട്രേഷൻ നടത്താം.മൊട്ടമ്മൽ മാൾ, ക്ലാസിക് തിയേറ്റർ, ആലിങ്കീൽ പാരഡൈസ് എന്നീ തിയറ്ററുകളിലായി നടക്കുന്ന മേളയിൽ ലോകസിനിമ, ഇന്ത്യൻ സിനിമ, മലയാളം സിനിമ എന്നീ വിഭാഗങ്ങളിലായി 30 സിനിമകൾ പ്രദർശിപ്പിക്കും.
മേളയോടനുബന്ധിച്ച് ഓപ്പൺ ഫോറം, എക്സിബിഷൻ, സെമിനാർ എന്നിവയും ഉണ്ടായിരിക്കും. പുനലൂർ രാജന്റെ ചലച്ചിത്രസംബന്ധിയായ ഫോട്ടോകൾ ഉൾപ്പെടുത്തി മാങ്ങാട് രത്നാകരൻ ക്യുറേറ്റ് ചെയ്ത ‘അനർഘനിമിഷം’ എന്ന ഫോട്ടോ പ്രദർശനവുമുണ്ടാകും. തിരുവനന്തപുരത്ത് നടക്കുന്ന 27ാമത് ഐ.എഫ്.എഫ്.കെയിൽ പ്രേക്ഷകപ്രീതി നേടിയ ഉത്തമ, കൺസേൺഡ് സിറ്റിസൺ, ക്‌ളോൺഡൈക്, ടഗ് ഓഫ് വാർ, മെമ്മറി ലാൻഡ് തുടങ്ങിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും.
വഴക്ക്, ആയിരത്തൊന്നു നുണകൾ, ഗ്രേറ്റ് ഡിപ്രഷൻ നോർമൽ ആണ് തുടങ്ങിയ മലയാള ചിത്രങ്ങളും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.