കാടാച്ചിറ സർവീസ് സഹകരണ ബാങ്കിൽ വ്യാജ ഒപ്പിട്ട്‌ മാനേജർ കോടികൾ തട്ടി

Share our post

കടമ്പൂർ: കോൺഗ്രസ്‌ ഭരണത്തിലുള്ള കാടാച്ചിറ സർവീസ് സഹകരണ ബാങ്കിൽ മാനേജർ കോടികൾ തട്ടിയതായി പരാതി. പനോന്നേരി ശാഖയിലെ നിരവധി പേരുടെ സ്ഥിരനിക്ഷേപ തുകയാണ്‌ വ്യാജ ഒപ്പിട്ട്‌ പിൻവലിച്ചത്‌. ജ്യോതിഷിയും സപ്‌താഹ യജ്ഞക്കാരനുമായ പനോന്നേരി ശാഖാ മാനേജർ പ്രവീൺ പനോന്നേരിക്കെതിരെ എടക്കാട്‌ പൊലീസ്‌ അന്വേഷണം തുടങ്ങി.പണം നഷ്ടപ്പെട്ടവർ കണ്ണൂർ സിറ്റി എസി.പിക്കും സഹകരണ വകുപ്പ് അധികൃതർക്കും പരാതി നൽകിയതോടെയാണ്‌ അന്വേഷണം തുടങ്ങിയത്‌

.2017 മുതൽ ബാങ്കിൽ സ്ഥിരനിക്ഷേപം നടത്തിയവരുടെ പണമാണ് നിക്ഷേപകരുടെ വ്യാജ ഒപ്പിട്ട് പ്രവീൺ പനോന്നേരി തട്ടിയെടുത്തത്. അടുത്ത സുഹൃത്തുക്കളുടെയും കുടുംബ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് കാലാവധിക്ക് മുമ്പേ പുതുക്കാനെന്ന പേരിൽ കൈക്കലാക്കിയാണ് തട്ടിപ്പ്.ചാലയിലെ ഒരു വീട്ടിലെ മാത്രം മൂന്നുപേരുടെ 50 ലക്ഷത്തിലേറെ രൂപ നഷ്ടമായിട്ടുണ്ട്‌. സർക്കാർ സർവീസിലുള്ള ഭർത്താവ് മരിച്ചപ്പോൾ ലഭിച്ച ആനുകൂല്യമടക്കമുള്ള തുകയാണ്‌ ഇവർ നിക്ഷേപിച്ചത്.

കുറച്ചുഭാഗം മകളുടെ വീട് നിർമാണത്തിനായി 2022 ജൂലൈയിൽ പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് പണം നേരത്തെ പിൻവലിച്ചതായി വെളിവായത്‌.ബാങ്ക് അധികൃതർക്ക് പരാതി നൽകിയതിനെ തുടർന്ന്‌ നടന്ന പരിശോധനയിൽ നിക്ഷേപകരുടെ വ്യാജ ഒപ്പിട്ട് 2019ൽ തന്നെ തുക പിൻവലിച്ചതായി വ്യക്തമായി.

മറ്റൊരു ഇടപാടുകാരന്റെ 1,75,000 രൂപ സ്ഥിരനിക്ഷേപം നടത്തിയതായി സർട്ടിഫിക്കറ്റ് നൽകിയെങ്കിലും ബാങ്കിന്റെ കണക്കിൽ അവസാന പൂജ്യം ഒഴിവാക്കി 17,500 രൂപമാത്രം കാണിച്ച് ബാക്കി തുക കൈക്കലാക്കിയതായും കണ്ടെത്തിയിട്ടുണ്ട്‌. തട്ടിപ്പ്‌ പുറത്തായതോടെ പ്രവീൺ പനോന്നേരിയെ മാനേജർ സ്ഥാനത്തുനിന്ന്‌ മാറ്റിനിർത്തിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!