കണ്ണൂർ ജില്ലയിൽനിന്ന്‌ ഹരിതകർമ സേന നീക്കംചെയ്‌തത്‌ 3800 ടൺ മാലിന്യം

Share our post

കണ്ണൂർ: ഒരു വർഷം ജില്ലയിൽനിന്ന്‌ ഹരിതകർമ സേന നീക്കംചെയ്‌തത്‌ 3800 ടൺ മാലിന്യം. ഓരോ മാസവും 150 ടൺ പ്ലാസ്‌റ്റിക്‌ മാലിന്യങ്ങൾ പുനരുപയോഗിക്കാനായി ക്ലീൻ കേരള കമ്പനിക്ക്‌ നൽകുന്നുണ്ട്‌. കൂടാതെ കലണ്ടർ കലക്ഷൻ വഴി 337 ടൺ മാലിന്യവും ഓരോ മാസവും ശേഖരിച്ച്‌ കൈമാറുന്നുണ്ട്‌. ഹരിത കേരള മിഷനും ശുചിത്വമിഷനും ചേർന്ന്‌ ആരംഭിച്ച പ്രവർത്തനം 66 പഞ്ചായത്തുകളിലും രണ്ട്‌ മുൻസിപ്പിലാറ്റികളിലുമായി വൻവിജയത്തോടെ മുന്നോട്ടുപോകുന്നു.

പ്ലാസ്‌റ്റിക്കിനൊപ്പം മറ്റ്‌ നിഷ്‌ക്രിയ മാലിന്യങ്ങളും ശേഖരിക്കുന്നതിൽ ജില്ല മുന്നിലാണ്‌.
കലണ്ടർ കലക്ഷനിലൂടെ ഓരോ മാസവും പ്ലാസ്‌റ്റിക്കുകൾക്ക്‌ പുറമെ വീടുകളിൽനിന്ന്‌ ഇലക്‌ട്രോണിക്‌സ്‌ മാലിന്യങ്ങൾ, കുപ്പി ഗ്ലാസുകൾ, പഴയ വസ്‌ത്രങ്ങൾ, ചെരുപ്പ്‌, ബാഗ്‌ എന്നിവയെല്ലാം ശേഖരിക്കുന്നുണ്ട്‌. പുനരുപയോഗിക്കുന്നതിനായി സംസ്‌കരണ കേന്ദ്രങ്ങളിലേക്കാണ്‌ ഇവയെല്ലാം തരംതിരിച്ച്‌ കൈമാറുന്നത്‌. പൊടിയാക്കിയ പ്ലാസ്‌റ്റിക്‌ റോഡ്‌ ടാറിടുമ്പോൾ ഉപയോഗിക്കുന്നതിനാണ്‌ കൂടുതലും നൽകുന്നത്‌. മറ്റു ജില്ലകളിലേക്ക്‌ ഉൾപ്പെടെ ഇവ കയറ്റിയയക്കുന്നുണ്ട്‌.

ഗവ. സ്ഥാപനങ്ങളിൽനിന്ന്‌ മാലിന്യം കൃത്യമായ ഇടവേളകളിൽ ശേഖരിക്കുന്നുണ്ട്‌. ഇ –-മാലിന്യങ്ങൾ ഉൾപ്പെടെ ശേഖരിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന്‌ ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ആശംസ്‌ ഫിലിപ്പ്‌ പറഞ്ഞു. ജി.പി.എസ്‌ ഘടിപ്പിച്ച വാഹനത്തിലാണ്‌ മാലിന്യനീക്കം പൂർണമായും നടക്കുന്നത്‌. സംസ്ഥാനത്ത്‌ ഏറ്റവുമധികം തുക ഹരിതകർമ സേനയ്‌ക്ക്‌ എല്ലാ മാസവും കൊടുക്കുന്ന ജില്ലയാണ്‌ കണ്ണൂർ. കലണ്ടർ പ്രകാരമുള്ള മാലിന്യശേഖരണത്തിലും കണ്ണൂർ ഏറെ മുന്നിലാണ്‌.

പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ മാലിന്യനീക്കം കഴിഞ്ഞ മൂന്നുവർഷമായി ക്ലീൻകേരള കമ്പനി വഴിയാണ്‌ നടക്കുന്നത്‌. റീബിൽഡ്‌ കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി ക്ലീൻ കേരള കമ്പനി ഫോറസ്‌റ്റ്‌ ഓഫീസ്‌ ആസ്ഥാനത്ത്‌ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സെന്റർ ആരംഭിച്ചു. സ്‌പെഷ്യൽ സബ്‌ജെയിൽ, കലക്ടറേറ്റ്‌ എന്നിവിടങ്ങളിൽ രണ്ടുമാസത്തിനുള്ളിൽ എംസിസിഎഫ്‌ പ്രവർത്തനം ആരംഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!