പിലാത്തറയിൽ പാചക വാതക ടാങ്കർ മറിഞ്ഞു

പിലാത്തറ (കണ്ണൂർ) ∙ ദേശീയപാതയിൽ ഏഴിലോട് കോളനി സ്റ്റോപ്പിനു സമീപം ജനവാസ കേന്ദ്രത്തിൽ നിയന്ത്രണം വിട്ട് പാചക വാതക ടാങ്കർ ലോറി മറിഞ്ഞു. ഇന്നലെ രാത്രി 8.15നായിരുന്നു അപകടം. മംഗളൂരുവിൽ നിന്നു കണ്ണൂർ ഭാഗത്തേക്കു വന്ന ലോറിയാണ് അപകടത്തിൽപെട്ടത്.
വാതക ചോർച്ച സംഭവിക്കാത്തതിനാൽ വൻദുരന്തം ഒഴിവായി. ലോറിയുടെ ഡീസൽ ടാങ്കിൽ ചെറിയ ചോർച്ചയുണ്ടായത് ഉടൻ അടച്ചു. ദേശീയപാത നവീകരണ പ്രവൃത്തി നടക്കുന്ന റോഡരികിലെ കുഴിയിലാണു ലോറി മറിഞ്ഞത്.
ഡ്രൈവർക്കു പരുക്കില്ല. അഗ്നിരക്ഷാ സേനയും പരിയാരം പൊലീസും സമയോചിതമായി ഇടപെട്ടു.അഗ്നിരക്ഷാ സേന ഇടയ്ക്കിടെ വെള്ളം ചീറ്റി ടാങ്കർ തണുപ്പിക്കുകയായിരുന്നു.
വാതക ചോർച്ച ഇല്ലാത്തതിനാൽ ഇതുവഴിയുള്ള ഗതാഗതം നിയന്ത്രണത്തോടെ കടത്തി വിട്ടു. ഐ.ഒ.സിയിലെ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു കുഴപ്പമില്ലെന്നുറപ്പാക്കിയാൽ ക്രെയിൻ ഉപയോഗിച്ചു ടാങ്കർ നിവർത്തി മറ്റൊരു കാബിനിൽ ഘടിപ്പിച്ച് കൊണ്ടുപോകുമെന്നു പോലീസ് പറഞ്ഞു.