മുസ്‍ലിം ലീഗിനെ കുറിച്ച് ആര് നല്ലത് പറഞ്ഞാലും സന്തോഷം -സമസ്ത

മലപ്പുറം: മുസ്‍ലിം ലീഗിനെ കുറിച്ച് ആര് നല്ലത് പറഞ്ഞാലും സന്തോഷമേയുള്ളൂവെന്ന് സമസ്‌ത സംസ്ഥാന സെക്രട്ടറി ഉമർ ഫൈസി മുക്കം. നമ്മുടെ ഒരു സമുദായ പാർട്ടി എന്ന നിലക്ക് അതിനോട് എതിർപ്പില്ല. അവർ കണ്ടത് അവർ പറയുകയാണ്. ഇന്ന് രാഷ്ട്രീയക്കാർ അങ്ങനെ പറഞ്ഞാൽ നാളെ വേറൊന്ന് പറയും.
ഞങ്ങൾ അതിൽ അഭിപ്രായം പറയേണ്ടവരല്ല. രാഷ്ട്രീയത്തിൽ ഞങ്ങൾ ഇറങ്ങാറില്ല. രാഷ്ട്രീയം കൈകാര്യം ചെയ്യാറുമില്ല. ആ നിലക്ക് ഇന്ന് ലീഗിനെ കുറിച്ച് അവർ പറഞ്ഞത് സന്തോഷകരമാണ്.
അങ്ങനെ എല്ലാവരും യോജിച്ച് പോകണമെന്ന അഭിപ്രായക്കാരാണ് സമസ്ത. അതിലൊരു സംശയവും ഇല്ല. പ്രത്യേകിച്ച് കേന്ദ്രം ഫാഷിസത്തിലേക്ക് പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ എല്ലാവരും യോജിച്ച് പോകണമെന്ന് സമസ്ത നേരത്തെ പറഞ്ഞിരുന്നതാണ്.
ഉത്തരേന്ത്യയിലൊക്കെ അങ്ങനെ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി ഇവിടെയും നടന്നാൽ സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.