പൂളക്കുറ്റി ഉരുൾപൊട്ടൽ; പ്രത്യേക പാക്കേജ് അനുവദിക്കാൻ നിയമസഭയിൽ സണ്ണി ജോസഫ് എം.എൽ.എയുടെ സബ്മിഷൻ

Share our post

പേരാവൂർ: നിയോജക മണ്ഡലത്തിലെ കണിച്ചാര്‍ പഞ്ചായത്തില്‍ പൂളക്കുറ്റി മേഖലയില്‍ ഉരുള്‍പൊട്ടലിലുണ്ടായ നാശനഷ്ടത്തില്‍ പ്രത്യക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സണ്ണി ജോസഫ്‌ എം .എല്‍ .എ നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചു.

ദുരന്ത സ്ഥലത്ത് മന്ത്രിമാരുടെ സന്ദര്‍ശനത്തില്‍ യോഗം ചേർന്ന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നാമ മാത്രമായ നഷ്ടപരിഹരമാണ് നല്‍കിയത്. വെള്ളറ,ചെക്യേരി പട്ടിക വര്‍ഗ കോളനിനിവാസികള്‍ക്ക് പോലും നഷ്ടപ്പെട്ട വീടുകൾ പുനർനിർമ്മിക്കാൻ ഫണ്ട് ഇതുവരെ അനുവദിച്ചിട്ടില്ല.

വീടും സ്ഥലവും പൂര്‍ണമായി തകര്‍ന്നവര്‍ക്ക് 95000 രൂപ മാത്രമാണ് അനുവദിച്ചത്.ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതമാണ് ലഭിച്ചത്. കൃഷിയും സ്ഥലവും നഷ്ടപ്പെട്ടവർക്കും ഇതുവരെ ഫണ്ടനുവദിച്ചിട്ടില്ല.

കൃഷി വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും തദേശ സ്വയംഭരണ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയതാണ്. നാശനഷ്ടങ്ങള്‍ മന്ത്രിതല സംഘം, എം.എല്‍. എമാര്‍, എം .പിമാര്‍ തുടങ്ങിയവര്‍ പരിശോധിച്ചതാണെന്നും നാലു മാസം കഴിഞ്ഞിട്ടും പ്രശ്നത്തില്‍ തീരുമാനമാകാത്തതില്‍ അടിയന്തര പ്രാധാന്യത്തോടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് ആവശ്യമായ നഷ്ടപരിഹാരം നല്‍കണമെന്നും സണ്ണി ജോസഫ്‌ എം.എല്‍.എ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.

സബ്മിഷന് മറുപടിയായി ഇരിട്ടി താലൂക്കിൽ വിവിധ മേഖലകളിൽ 2022 ആഗസ്റ്റ് മാസം സംഭവിച്ച പ്രകൃതിക്ഷോഭങ്ങളിൽ വിവിധ വകുപ്പുകളുടെ കണക്ക് പ്രകാരം 35 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളതെന്ന് റവന്യൂ മന്ത്രി മറുപടി നല്കി.എസ് .ഡി .ആർ. എഫ് അനുസരിച്ച് കൊടുക്കാൻ കഴിയുന്ന നഷ്ടപരിഹാരം മാത്രമേ ഇപ്പോൾ കൊടുക്കാൻ കഴിഞ്ഞിട്ടുള്ളൂവെന്നും പ്രത്യേക പാക്കേജിനായി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാവുന്നതാണെന്നും റവന്യു വകുപ്പ് മന്ത്രി മറുപടിയിൽ പറഞ്ഞു.

2022 ആഗസ്റ്റ്‌,സെപ്റ്റംബര്‍ മാസങ്ങളില്‍ കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി മേഖലയിൽ മുപ്പതോളം സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി മൂന്ന് ജീവനുകൾ നഷ്ടപ്പെടുകയും, 200-ലധികം ഏക്കര്‍ സ്ഥലത്ത് കൃഷിനാശം സംഭവിക്കുകയും ചെയ്തിരുന്നു.റോഡുകളും, പാലങ്ങളും തകരുകയും കച്ചവട സ്ഥാപനങ്ങള്‍ക്ക് നാശ നഷ്ടങ്ങളുമുണ്ടായി. തൊട്ടടുത്ത പഞ്ചായത്തുകളായ പേരാവൂര്‍, കോളയാട്, കേളകത്തും നാശനഷ്ടമുണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!