ഷീ ലോഡ്‌ജിന് കല്ലിട്ടു

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് നിർമിക്കുന്ന ഷീ ലോഡ്‌ജിന് കല്ലിട്ടു. രാത്രി നഗരത്തിലെത്തുന്ന വനിതകൾക്ക് സുരക്ഷിതമായി താമസിക്കാനുള്ള കേന്ദ്രമെന്ന നിലയിലാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ ഷീ ലോഡ്ജ് നിർമിക്കുന്നത്.2022- –-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുകോടി അഞ്ച് ലക്ഷം രൂപ ചെലവിലാണ് നിർമാണം.
ഷീ ലോഡ്ജിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെ നിലവിലുള്ള സൗകര്യങ്ങൾ വർധിപ്പിക്കാൻ നിർമിക്കുന്ന അനക്സ് കെട്ടിടത്തിന്റെയും കല്ലിടൽ എം .വി ഗോവിന്ദൻ എം.എൽ.എ നിർവഹിച്ചു.ഷീ ലോഡ്ജ് സ്ത്രീകളുടെ സുരക്ഷിത കേന്ദ്രമാണെന്ന പൊതുബോധമുണ്ടാക്കാൻ ഫലപ്രദമായ ഇടപെടൽ നടത്തണം. ഇതിന് തദ്ദേശസ്ഥാപനങ്ങൾ മികച്ച പ്രോത്സാഹനം നൽകണമെന്ന് അദ്ദേഹം പറഞ്ഞു.
ഒരുവർഷം കൊണ്ട് ഷീ ലോഡ്ജിന്റെ പ്രവൃത്തി പൂർത്തിയാക്കണം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി .എം കൃഷ്ണൻ അധ്യക്ഷനായി. അസി. എക്സിക്യൂട്ടീവ് എൻജിനിയർ കെ .എം ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ കെ കെ രത്നകുമാരി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ വി. പി .മോഹനൻ, വി .എം സീന, പി. ശ്രീമതി, ടി .ഷീബ, ടി സുലജ, ജോജി മാത്യു കന്നിക്കാട്ട്, കെ. എസ് ചന്ദ്രശേഖരൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ആനക്കീൽ ചന്ദ്രൻ, സി .ഐ വത്സല, പി .എം മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കൊയ്യം ജനാർദനൻ, ടി. കെ അരുൺ, ടൈനിസൂസൻ ജോൺ, ഡി. വി അബ്‌ദുൾ ജലീൽ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് പി .പ്രേമലത സ്വാഗതവും സെക്രട്ടറി കെ .വി പ്രസീത നന്ദിയും പറഞ്ഞു.