കൈക്കുഞ്ഞുമായി യുവതി ആത്മഹത്യചെയ്ത സംഭവം: സ്വന്തം വീട്ടുകാര്‍ക്കെതിരേ പരാതിയുമായി ഭര്‍ത്താവ്

Share our post

കോഴിക്കോട്: കൊയിലാണ്ടിയില്‍ കൈക്കുഞ്ഞുമായി യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ പരാതി നല്‍കി ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടി എടുക്കുന്നില്ലെന്ന ആരോപണവുമായി ഭര്‍ത്താവും ബന്ധുക്കളും. കഴിഞ്ഞ മാസം മുപ്പതിനാണ് കൊയിലാണ്ടി കൊല്ലം വളപ്പില്‍ പ്രബിത ഒമ്പത് മാസം പ്രായമുള്ള മകള്‍ അനുഷികയുമായി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. തന്റെ വീട്ടുകാരില്‍ നിന്നുളള പീഡനം കാരണമാണ് ഭാര്യ മകളേയും കൊണ്ട് ജീവനൊടുക്കിയതെന്നാണ് സുരേഷ് ബാബു പറയുന്നത്.

തന്റെ അമ്മയുടെ മരണശേഷം അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്ന പെന്‍ഷന്‍ തുക എടുത്തെന്ന് ആരോപിച്ച് പ്രബിതയെ തന്റെ സഹോദരങ്ങളും അവരുടെ മക്കളും ഭര്‍ത്താക്കന്‍മാരും ഉള്‍പ്പടെ അഞ്ച് പേര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് സുരേഷ് ബാബു പറയുന്നു. ഭാര്യ മരിച്ച ദിവസം രാവിലെയും വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

ഇതില്‍ മനംനൊന്താണ് പ്രബിത ഇളയ കുഞ്ഞിനൊപ്പം ജീവനൊടുക്കിയതെന്ന് സുരേഷ് ബാബു പറയുന്നു. പണം നല്‍കിയില്ലെങ്കില്‍ അമ്മയെ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് ഉള്‍പ്പെടെ ഭീഷണിപ്പെടുത്തിയിരുന്നെന്നും പണം തിരിച്ച് നല്‍കിയില്ലെങ്കില്‍ മരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ് അമ്മയെ അധിക്ഷേപിച്ചിരുന്നുവെന്നും പ്രബിതയുടെ മൂത്ത മകളും പറയുന്നു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് പന്ത്രണ്ട് ദിവസം മുമ്പ് കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കി. തന്റെയും മൂത്ത മകളുടേയും മൊഴി എടുത്തതല്ലാതെ പിന്നീട് അന്വേഷണത്തില്‍ യാതൊരു പുരോഗിതയും ഉണ്ടായില്ലെന്നാണ് യുവതിയുടെ ഭര്‍ത്താവും കുടുംബവും ആരോപിക്കുന്നത്.

പോലീസ് സ്റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അവധിയില്‍ ആണെന്നും പകരം ആര്‍ക്കും ചുമതല നല്‍കിയിട്ടില്ലെന്നുമാണ് അറിയാന്‍ കഴിഞ്ഞതെന്നും ബന്ധുക്കള്‍ പറയുന്നു. പൊലീസിന്റെ അനാസ്ഥയ്‌ക്കെതിരെ സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരത്തിന് ഒരുങ്ങുകയാണ് ബന്ധുക്കളും ആക്ഷന്‍ കമ്മറ്റിയും.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!