ഇന്ത്യയിലെ ഏറ്റവും മികച്ച കുടുംബരോഗ്യ കേന്ദ്രം കയ്യൂരിൽ

കണ്ണൂർ: ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രം കയ്യൂരിലാണ്. 99 പോയിന്റ് നേടി രണ്ടാം തവണയാണ് കയ്യൂർ കുടുംബാരോഗ്യ കേന്ദ്രം രാജ്യത്ത് മികവിൽ ഒന്നാമതെത്തിയത്.സാധാരണ റൂറൽ ഡിസ്പെൻസറിയായിരുന്ന ഈ ആസ്പത്രി പിന്നീട് പ്രാഥമികാരോഗ്യ കേന്ദ്രമായും കുടുംബാരോഗ്യ കേന്ദ്രമായും മാറി. ഒ.പി, ലാബ്, ദേശീയ ആരോഗ്യപരിപാടി, പൊതുഭരണം, അടിസ്ഥാന സൗകര്യങ്ങൾ, പ്രധാന സേവനങ്ങൾ, പ്രതിരോധ പ്രവർത്തനം, ശുചിത്വം, രോഗീസൗഹൃദം തുടങ്ങിയവയിൽ അനുകരണീയ മാതൃകയാണ് ഇവിടെ.
ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനം, മഴവെള്ള സംഭരണി, സോളാർ പവർ, രോഗികൾക്ക് ആവശ്യമായ വിശ്രമസ്ഥലം, ഹെർബൽ ഗാർഡൻ എന്നിവയൊക്കെ കണ്ടാൽ ഒരു മെഡിക്കൽ കോളേജാണെന്ന് തോന്നും.
രോഗീസൗഹൃദവും ജനസൗഹ്യദവുമായ ഇടപെടലുകളിലൂടെ സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ മിതമായ നിരക്കിൽ ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും ആരോഗ്യ മേഖല പൂർണമായും മോചിതമായിട്ടില്ല.
വൻകിട സ്വകാര്യ ആസ്പത്രികളിൽമാത്രം ചെയ്തു വന്നിരുന്നതും ലക്ഷങ്ങൾ ചെലവ് വരുന്നതുമായ ശസ്ത്രക്രിയകൾ ഉൾപ്പെടെ വിജയകരമായി നിർവഹിക്കാൻ കഴിയുന്ന വിധത്തിലേക്ക് കേരളത്തിലെ പല സർക്കാർ ആസ്പത്രികളും ശക്തിപ്പെട്ടിട്ടുണ്ട്.അംഗീകാര നിറവിൽ 85സർക്കാർ ആസ്പത്രികൾസംസ്ഥാനത്തെ 85 സർക്കാർ ആസ്പത്രികൾക്കാണ് കഴിഞ്ഞവർഷം എൻ.ക്യു.എ.എസ് അംഗീകാരം ലഭിച്ചത്. മൂന്ന് ജില്ലാ ആസ്പത്രികൾ, നാല് താലൂക്ക് ആസ്പത്രികൾ, അഞ്ച് സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, ഏഴ് അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 66 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവ ഇതിൽപെടും.
തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും കാസർകോട് കയ്യൂർ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം സ്‌കോർ കരസ്ഥമാക്കി ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്താണ്. എൻ.ക്യു.എ.എസ് അംഗീകാരം നേടിയെടുത്ത് മുന്നിലെത്തിയ ഇന്ത്യയിലെ തന്നെ ഏക ജില്ലയാണ് കണ്ണൂർ.സഹകരണ വകുപ്പിൽനിന്ന് ഏറ്റെടുത്ത കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലും അനുബന്ധ സ്ഥാപനങ്ങളിലും വലിയ വികസനപ്രവർത്തനങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.
ഇ.എസ്.ഐ കോർപറേഷനിൽനിന്ന് ഏറ്റെടുത്ത കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് ഉന്നത നിലവാരത്തിലേക്ക് ഉയർത്തി. ഇടുക്കി, കോന്നി മെഡിക്കൽ കോളേജുകൾ യാഥാർത്ഥ്യമാകുകയും ഈവർഷം 100 വീതം എം.ബി.ബി.എസ് സീറ്റിലേക്കുള്ള പ്രവേശനത്തിന് ദേശീയ മെഡിക്കൽ കമ്മിഷന്റെ അംഗീകാരം ലഭിക്കുകയും ചെയ്തു.