കണ്ണപുരം ചുണ്ട കുറുവക്കാവ് പ്രദേശം നാട്ടുമാവ് മ്യൂസിയം ആവുന്നു

കണ്ണൂർ: മാമ്പഴമധുരം തിരിച്ചുപിടിക്കാനും പുതുതലമുറയ്ക്ക് പകരാനുമായി കണ്ണപുരം ചുണ്ട കുറുവാക്കാവ് പ്രദേശം നാട്ടുമാവ് മ്യൂസിയമാകുന്നു. ഇന്ത്യയിൽ തന്നെ ഈ വിധത്തിലുള്ള ആദ്യസംരംഭമാണിതെന്നതിനു പുറമെ, ഒരു നാട് ഒന്നാകെ മ്യൂസിയമാകുന്നുവെന്ന സവിശേഷതയുമുണ്ട്.കണ്ണപുരം പഞ്ചായത്തിന്റെ സഹകരണത്തോടെ തൃശൂർ മേഴ്സി കോർപ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തിലാണ് നാട്ടു മഞ്ചോട്ടിൽ കൂട്ടായ്മ മാമ്പഴ മ്യൂസിയം ഒരുക്കുന്നത്.
ഈ മാസം അവസാനത്തോടെ പ്രവർത്തികൾ തുടങ്ങി മാർച്ചിൽ പൂർത്തിയാക്കാനാണ് പദ്ധതി.
കേരളത്തിലെ നാട്ടുമാവിനങ്ങളെ പരിചയപ്പെടാനും ശാസ്ത്രീയമായ അറിവ് നേടാനും ജനകീയ സംരക്ഷണ മാതൃകകളെക്കുറിച്ച് പഠിക്കാനും വിവിധതരം നാട്ടുമാവുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. നിശ്ചല മാതൃകകൾ, ബോർഡുകൾ, എക്സിബിഷൻ സെന്ററുകൾ, മാപ്പിംഗ്, ടാഗിംഗ് തുടങ്ങി നിരവധി സംവിധാനങ്ങളിലൂടെ കണ്ണൂരിന്റെ മാമ്പഴവിശേഷമറിയാം.
നാട്ടിടവഴികളും ഗ്രാമീണ റോഡുകളും കസ്റ്റോഡിയൻ ഫാർമർ കൺസർവേറ്റർമാരുടെ വീട്, പുരയിട പ്രദേശങ്ങളും മ്യൂസിയത്തിൽ പെടും. ചുണ്ട കവിണിശേരി കൺസർവേഷൻ ക്ലസ്റ്റർ വരുന്ന കുറുവാക്കാവ് പരിസരത്തെ 300 ചതുരശ്ര മീറ്റർ പ്രദേശമാണ് ആദ്യഘട്ടത്തിൽ മ്യൂസിയമാകുന്നത്.
ആത്മവിശ്വാസമായിദേശീയ അംഗീകാരം
ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക ജൈവവൈവിദ്ധ്യ സംരക്ഷണ കമ്മ്യൂണിറ്റി അവാർഡായ നാഷണൽ പ്ലാന്റ് ജിനോം സേവിയർ നേടിയതാണ് കണ്ണപുരം നാട്ടു മഞ്ചോട്ടിൽ കൂട്ടായ്മയ്ക്ക് മാമ്പഴമ്യൂസിയമെന്ന ആശയം പ്രാവർത്തികമാക്കാൻ ധൈര്യം നൽകിയത്. നാട്ടുമാവുകളുടെ സംരക്ഷണം, ഗവേഷണാത്മക പഠനം എന്നിവ മുൻനിറുത്തി കഴിഞ്ഞ അഞ്ചുവർഷക്കാലമായി നാട്ടുമഞ്ചോട്ടിൽ കൂട്ടായ്മ നടത്തിയ ബഹുമുഖമായ പ്രവർത്തനങ്ങൾക്കാണ് ദേശീയ അംഗീകാരം.
200 മാവിനങ്ങൾ
കണ്ണൂർ ജില്ലയിലെ കണ്ണപുരം, ചെറുകുന്ന്, പാപ്പിനിശ്ശേരി, കല്യാശ്ശേരി, പട്ടുവം, മയ്യിൽ, മാടായി, ഏഴോം തുടങ്ങി എട്ട് പഞ്ചായത്തുകളിലായി നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മയ്ക്ക് വേണ്ടി നാട്ടുമാവ് സംരക്ഷകനായ ഷൈജു മാച്ചാത്തി നടത്തിയ പഠനത്തിൽ വ്യത്യസ്തമായ ഇരുന്നൂറോളം നാട്ടുമാവിനങ്ങൾ കണ്ടെത്തിയിരുന്നു.
ഇവയുടെയെല്ലാം സവിശേഷതകൾ ചിത്രസഹിതം ഡോക്യുമെന്റ് ചെയ്തു സൂക്ഷിക്കുകയും ഇതിൽ 160 ഓളം ഇനങ്ങളുടെ പുതിയ തൈകൾ ഉണ്ടാക്കി ജില്ലയ്ക്ക് അകത്തും പുറത്തും നട്ട് സംരക്ഷിക്കുകയും ചെയ്തു. കണ്ണപുരം ഗ്രാമ പഞ്ചായത്തിൽ നിന്ന് മാത്രം നൂറിലധികം നാട്ടുമാവിനങ്ങൾ കണ്ടെത്തിയിരുന്നു. നാട്ടുമാമ്പഴ സംരക്ഷണത്തിനായി 44 ഇനം സാമ്പിളുകളുടെ കെമിക്കൽ അനാലിസിസ് നടത്തി.
24 മുതൽ 30 വരെ കണ്ണൂർ സർവകലാശാലാ യൂണിറ്റുകളിലെ ഇരുന്നൂറോളം വിദ്യാർത്ഥികൾ ഈ പ്രദേശത്ത് താമസിച്ച് മ്യൂസിയത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമിടും.