അവധി ദിവസങ്ങളിൽ പി.എസ്‌.സി പരിശീലന കേന്ദ്രങ്ങളിൽ; ക്ലാസെടുക്കുന്നതിനിടെ ഉദ്യോഗസ്ഥർ പിടിയിൽ

Share our post

കണ്ണൂർ: സർക്കാർ ഉദ്യോഗസ്ഥർ അവധി ദിവസങ്ങളിൽ പി.എസ്‌.സി പരിശീലന കേന്ദ്രങ്ങളിലും ട്യൂഷൻ സെന്ററുകളിലും ക്ലാസെടുക്കുന്നതായി വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. ജില്ലയ്ക്കു പുറത്തു നിന്നുള്ളവരടക്കം ഇത്തരം കേന്ദ്രങ്ങളിൽ ക്ലാസെടുക്കാൻ എത്തുന്നതായും അധ്യാപകരുടെ യഥാർഥ പേര് മറച്ചു വച്ചും രേഖകളൊന്നും വയ്ക്കാതെയുമാണു ക്ലാസുകളെന്നും കണ്ടെത്തിയിട്ടുണ്ട്.

സർക്കാർ ഉദ്യോഗസ്ഥർ ക്ലാസെടുക്കുന്നതിനാൽ, തങ്ങളുടെ അവസരം നഷ്ടപ്പെടുന്നതായും പരിശീലന കേന്ദ്രങ്ങളിൽ വൻ തുക ഫീസ് ഈടാക്കുന്നതായും വിജിലൻസിനു ലഭിച്ച പരാതിയെ തുടർന്നായിരുന്നു ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ പരിശോധന. പയ്യന്നൂരിൽ മൂന്നിടത്തും ഇരിട്ടിയിൽ ഒരിടത്തുമായിരുന്നു പരിശോധന.

പയ്യന്നൂരിൽ ഒരു പിഎസ്‌സി പരിശീലന കേന്ദ്രത്തിൽ, മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥാനായ കണ്ണൂർ മേക്കുന്ന് സ്വദേശിയും മറ്റൊരു കേന്ദ്രത്തിൽ കാസർകോട് ജില്ലയിലെ അധ്യാപകനും ഇരിട്ടിയിൽ വയനാട് അമ്പലവയൽ കൃഷി വിജ്ഞാൻ കേന്ദ്രയിലെ സീനിയർ അസിസ്റ്റന്റ് ആയ വയനാട് സ്വദേശിയും ക്ലാസെടുക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 3 പേരെയും ക്ലാസെടുക്കുന്നതിനിടെ വിജിലൻസ് കയ്യോടെ പിടികൂടുകയായിരുന്നു. പയ്യന്നൂരിലെ ഒരു കേന്ദ്രത്തിൽ പഠിപ്പിക്കുന്നവരിൽ, മലപ്പുറം സ്വദേശിയായ അധ്യാപകൻ വരെയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ശുപാർശ ചെയ്യുമെന്നു വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് അറിയിച്ചു. ഇൻസ്പെക്ടർമാരായ പി.ആർ.മനോജ്, സുനിൽകുമാർ, എസ്ഐമാരായ ഗിരീഷ്കുമാർ, കൃഷ്ണൻ, എഎസ്ഐമാരായ സുവർണൻ, നിജേഷ്, നാരായണൻ, ശ്രീജിത് കോച്ചേരി, സീനിയർ സിപിഒമാരായ ശ്രീജിത്, കെ.എം.സജിത്, കെ.സജിത്, സുമേഷ്, നിജേഷ് എന്നിവരും പരിശോധനകളിൽ പങ്കെടുത്തു. ഇത്തരം സംഭവങ്ങളെ പറ്റി വിജിലൻസിനു വിവരം നൽകാം: 04972707778.

പ്രതിഫലം മണിക്കൂറിന്1000 രൂപയ്ക്ക് മുകളിൽ

വ്യാജ പേരുകളിലോ പഠിപ്പിക്കുന്ന വിഷയങ്ങളുടെ പേരിലോ ആണ് അധ്യാപകരെ വിദ്യാർഥികൾക്കു പരിചയപ്പെടുത്തുന്നത്. ഈ വ്യാജ പേരോ കോഡ് പേരോ ഒഴിച്ച്, അധ്യാപകരെ പറ്റി മറ്റൊന്നും വിദ്യാർഥികൾക്ക് അറിയില്ല. സ്ഥാപനത്തിലെ രേഖകളിലും ഇവരുടെ പേരുണ്ടാകില്ല. അന്നന്നു പണം വാങ്ങി മടങ്ങുന്നതാണു പതിവെങ്കിലും താമസിച്ചു പഠിപ്പിക്കുന്നവരുമുള്ളതായി വിവരമുണ്ടെന്നും പരിശോധന തുടരുമെന്നും വിജിലൻസ് അറിയിച്ചു.

മണിക്കൂറിന് 1000 രൂപയ്ക്കു മുകളിലാണു അധ്യാപകരായെത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കു ലഭിക്കുന്നത്. 2 മുതൽ 3 മണിക്കൂർ വരെയാണു ക്ലാസെടുക്കുക. ചില പരിശീലന കേന്ദ്രങ്ങൾ, 10,000 രൂപ മുതൽ 12,500 രൂപ വരെ വിദ്യാർഥികളിൽ നിന്ന് ഫീസ് ഈടാക്കുന്നതായി കണ്ടെത്തിയതായും വിജിലൻസ് പറഞ്ഞു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!