കൃഷി നശിപ്പിക്കാനെത്തിയ കാട്ടുപന്നി കിണറ്റിൽ വീണു; വെടി വച്ചു കൊന്നു കുഴിച്ചുമൂടി

ചെറുപുഴ : കൃഷി നശിപ്പിക്കാൻ എത്തിയ കാട്ടുപന്നി കിണറ്റിൽ വീണു. ചെറുപുഴ പഞ്ചായത്തിലെ 3-ാം വാർഡിൽപ്പെട്ട കന്നിക്കളത്തെ പ്ലാക്കൽ മുഹമ്മദ് ഇസ്മായിലിന്റെ കൃഷിയിടത്തിലെ കിണറ്റിലാണു കാട്ടുപന്നി വീണത്.
ശനിയാഴ്ച രാവിലെ റബർ ടാപ്പിങ്ങിനെത്തിയ തൊഴിലാളികൾ കിണറ്റിൽ നിന്നു ശബ്ദം കേട്ടതിനെ തുടർന്നു നടത്തിയ തിരച്ചിലിലാണു കാട്ടുപന്നിയെ കണ്ടത്. ഉടൻ നാട്ടുകാർ വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചു.
പഞ്ചായത്ത് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നു പ്രത്യേക പരിശീലനം ലഭിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാട്ടുപന്നിയെ വെടി വച്ചു കൊന്നു കുഴിച്ചുമൂടി. ഏതാനും ആഴ്ചകൾക്ക് മുൻപ് മീന്തുള്ളിയിലെ കിണറ്റിലും കാട്ടുപന്നി വീണിരുന്നു. ഇതിനെയും വെടി വച്ചു കൊന്നു കുഴിച്ചുമൂടുകയായിരുന്നു.
ചെറുപുഴ പഞ്ചായത്തിൽ കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം മൂലം കർഷകർ പൊറുതി മുട്ടിയിരിക്കുകയാണ്. കാട്ടുമൃഗങ്ങളുടെ ഭീഷണി മൂലം പുറത്തിറങ്ങാൻ പോലും പറ്റാത്ത സ്ഥിതിയാണെന്നു നാട്ടുകാർ പറയുന്നു.