എം.ബി.ബി.എസ്‌ ക്ലാസിലിരുന്ന വ്യാജ വിദ്യാർഥിനിക്ക്‌ ജാമ്യം; ക്ലാസിൽ കയറിയത്‌ പ്രവേശനം കിട്ടാത്തതിലെ ജാള്യം മറയ്‌ക്കാനെന്ന്‌

Share our post

കോഴിക്കോട്: എം.ബി.ബി.എസിന്‌ പ്രവേശനം ലഭിക്കാതെ നാലുദിവസം കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ ഒന്നാംവർഷ ക്ലാസിലിരുന്ന പെൺകുട്ടി രക്ഷിതാക്കൾക്കൊപ്പം വെള്ളിയാഴ്‌ച മെഡിക്കൽ കോളേജ്‌ പോലീസ് സ്‌റ്റേഷനിൽ ഹാജരായി. കുട്ടിയെ രക്ഷിതാക്കളുടെ ജാമ്യത്തിൽ വിട്ടു.

നവംബർ 29നാണ്‌ ഒന്നാംവർഷ വിദ്യാർഥികളുടെ ക്ലാസ്‌ ആരംഭിച്ചത്‌. ആദ്യത്തെ നാലുദിവസമാണ്‌ പ്ലസ്‌ടു കഴിഞ്ഞ കൊടുവള്ളി സ്വദേശിനിയായ പത്തൊമ്പതുകാരി ക്ലാസിലിരുന്നത്‌. ഹാജർ പട്ടികയിൽ കടന്നുകൂടിയ കുട്ടിയുടെ പേര്‌ പ്രവേശനം നേടിയവരുടെ രജിസ്റ്ററിൽ ഉണ്ടായിരുന്നില്ല. രണ്ട്‌ പട്ടികകളും താരതമ്യം ചെയ്‌തപ്പോഴാണ്‌ കണക്കിൽപ്പെടാത്ത കുട്ടിയെ കണ്ടെത്തുന്നത്‌. അതോടെ പെൺകുട്ടി മുങ്ങി.

നീറ്റ് പരീക്ഷയുടെ ഫലം വരുന്ന സമയത്ത് ഗോവയിൽ യാത്രപോയതായിരുന്നുവെന്നും മൊബൈൽ ഫോണിലാണ് ഫലം പരിശോധിച്ചതെന്നും കുട്ടി പറഞ്ഞു. പതിനയ്യായിരം റാങ്കുള്ള തനിക്ക് അഡ്മിഷൻ ലഭിച്ചെന്ന് കരുതി നാട്ടിൽ എല്ലാവരെയും വിവരം അറിയിച്ചതോടെ സുഹൃത്തുക്കളും ബന്ധുക്കളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.

എന്നാൽ തിരിച്ച് നാട്ടിലെത്തിയപ്പോഴാണ് പ്രവേശനം ലഭിച്ചില്ലെന്ന്‌ മനസ്സിലായത്. ജാള്യംമറയ്ക്കാൻ എംബിബിഎസ്‌ ക്ലാസിലിരിക്കുന്ന ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചെന്നും കുട്ടി പൊലീസിന് മൊഴിനൽകി.

250 വിദ്യാർഥികളാണ് ഓരോ വർഷവും ഇവിടെ പ്രവേശനം നേടുന്നത്. ഇതിൽ ആദ്യ അലോട്ട്മെന്റിൽ 170 പേരാണ്‌ എത്തിയത്‌. രണ്ടാഴ്ച കഴിഞ്ഞാണ് ബാക്കിയുള്ളവർ പ്രവേശനം നേടിയെത്തിയത്‌. ഇതിൽ കുറച്ചുപേർ കഴിഞ്ഞ തിങ്കളാഴ്ച അവധി കഴിഞ്ഞ് വൈകിയാണ് ക്ലാസിലെത്തിയത്.

ക്ലാസ് നടക്കുന്ന സമയമായതിനാൽ രേഖകൾ പരിശോധിക്കാതെ രജിസ്റ്ററിൽ പേര് ചേർത്തു. അതിനുശേഷമാണ്‌ പട്ടികകൾ പരിശോധിച്ചതും ഒരു കുട്ടി അധികമുള്ളത്‌ തിരിച്ചറിഞ്ഞതും.

മൂന്ന് വകുപ്പ് മേധാവികളും ക്ലാസ് കോ ഓർഡിനേറ്ററും ഉൾപ്പെടെ അഞ്ചുപേരോട് വിശദീകരണം ചോദിച്ചതായി വൈസ് പ്രിൻസിപ്പൽ ഡോ. കെ ജി സജീത്ത് കുമാർ പറഞ്ഞു. അധികൃതരുടെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് അന്വേഷണമാരംഭിച്ചു

പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥിനി എംബിബിഎസ് ക്ലാസില്‍ ഇരിക്കാനിടയായ സംഭവത്തില്‍ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!