എൻജിനിയറിങ്‌ കോളേജ് വിദ്യാർഥികളുടെ സസ്‌പെൻഷൻ മരവിപ്പിച്ചു

Share our post

ധർമശാല: വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന്‌ കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജിലെ വിദ്യാർഥി നേതാക്കളുടെ സസ്‌പെൻഷൻ മരവിപ്പിച്ചു. എസ്‌.എഫ്‌.ഐ ജില്ലാ കമ്മിറ്റി അംഗവും യൂണിറ്റ്‌ സെക്രട്ടറിയുമായ എൻ എം ജിഫാന, യൂണിറ്റ്‌ പ്രസിഡന്റ്‌ വി .വി അഭിജിത്ത് എന്നിവരെയാണ് കഴിഞ്ഞ ദിവസം പ്രിൻസിപ്പൽ സസ്‌പെൻഡുചെയ്തത്‌. കഴിഞ്ഞ 22ന് നടത്തിയ ഫ്രഷേഴ്‌സ് ഡേയിൽ അച്ചടക്കലംഘനം ആരോപിച്ചാണ്‌ സസ്പെൻഷൻ.

എൻജിനിയറിങ്‌ കോളേജിലെ ഹോസ്‌റ്റലുകളിൽ അടിസ്ഥാനസൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട്‌ എസ്‌.എഫ്‌.ഐ നേതൃത്വത്തിൽ പ്രിൻസിപ്പലിനെ ഉപരോധിച്ചിരുന്നു. ഇതിലും പ്രിൻസിപ്പലിന്‌ കടുത്ത പ്രതിഷേധമുണ്ടായിരുന്നു.
സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ വെള്ളിയാഴ്‌ച പഠിപ്പുമുടക്കി. പ്രിൻസിപ്പലിന്റെ മുറിയുടെ മുന്നിൽകുത്തിയിരുന്ന്‌ മുദ്രാവാക്യം മുഴക്കി.

കോളേജ് ഹോസ്റ്റലിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിൽ വിദ്യാർഥികളുടെ ആവശ്യം അംഗീകരിക്കേണ്ടി വന്നതിന്റെ പ്രതികാര നടപടിയാണ് സസ്‌പെൻഷനെന്നും സസ്‌പെൻഷൻ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. എസ്‌.എഫ്‌.ഐ ഏരിയാ സെക്രട്ടറി ഇ. വി .ശ്രീനാഥ്‌, പ്രസിഡന്റ്‌ ബിനിൽ കൃഷ്‌ണൻ, എൻ. എം. ജിഫാന, വി. വി അഭിജിത്ത്, കെ അർജുൻ, പി. പി .രാഹുൽ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!