കൈത്തറി ഉൽപ്പാദന ച്ചെലവ് കുറക്കാൻ വിദഗ്ധ സമിതി നിർദേശം സമർപ്പിക്കും

Share our post

കണ്ണൂർ: കൈത്തറി മേഖലയിലെ ഉൽപ്പാദനച്ചെലവ് കുറക്കാനുള്ള നിർദേശങ്ങൾ സർക്കാരിനെ അറിയിക്കുമെന്ന് വിദഗ്ധ സമിതി. കൈത്തറി മേഖല നേരിടുന്ന പ്രതിസന്ധി പഠിക്കാനും പ്രശ്‌നപരിഹാരം നിർദേശിക്കാനും സർക്കാർ നിയോഗിച്ച സംഘം ജില്ലയിൽ കൈത്തറി സംഘങ്ങൾ സന്ദർശിച്ചശേഷമാണ് ഇക്കാര്യം അറിയിച്ചത്.
ഉൽപ്പാദനച്ചെലവ് കൂടുന്നതാണ് ലാഭം കുറയാനുള്ള പ്രധാന കാരണം.

അതിനാൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഉൽപ്പാദന ചെലവ് കുറക്കാനുള്ള മാർഗങ്ങൾ സമിതി സർക്കാരിനെ അറിയിക്കും. ചെലവ് കുറയുമ്പോൾ വിപണിയിൽ മറ്റ് ഉൽപ്പന്നങ്ങളുമായി മത്സരിക്കാനാകും. കയറ്റുമതി വർധിപ്പിക്കാനുള്ള നിർദേശങ്ങളും സർക്കാരിന്‌ സമർപ്പിക്കുമെന്ന് സമിതി അംഗങ്ങൾ വ്യക്തമാക്കി.
കൈത്തറി സംഘം, കയറ്റുമതിരംഗത്തെ വ്യവസായികൾ, കണ്ണൂർ ഐ.ഐ.എച്ച്ടി, ജില്ലാ കൈത്തറി വികസന സമിതി തുടങ്ങിയവയുടെ പ്രതിനിധികളുമായി സംഘം ശനിയാഴ്‌ച ചർച്ച നടത്തി.

കൈത്തറി ഉൽപ്പന്നങ്ങളുടെ ഗുണനിലവാര ഏകീകരണം നടപ്പാക്കണമെന്ന്‌ അഭിപ്രായമുയർന്നു. ചർച്ചയിലുയർന്ന പ്രശ്നങ്ങളും അഭിപ്രായങ്ങളും സർക്കാരിന്‌ സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തും.പുതിയകാലത്തെ വിപണിയിൽ അതിജീവിക്കാൻ കൈത്തറിമേഖല ആധുനികവൽക്കരിക്കണമെന്ന്‌ ഹാൻഡ്‌ലൂം ആൻഡ്‌ ടെക്‌സ്‌റ്റൈൽ ഡയറക്ടർ കെ എസ്‌ അനിൽകുമാർ പറഞ്ഞു.

ഉൽപ്പാദനത്തിനുമുമ്പും പിമ്പുമുള്ള ഘട്ടങ്ങളിൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനൊപ്പം ഉൽപ്പന്നം രൂപകൽപ്പന ചെയ്യാൻ സ്ഥിരംസംവിധാനവും വേണം. പുതുതലമുറയ്‌ക്ക്‌ മേഖലയിലേക്ക്‌ കടന്നുവരാൻ മികച്ച തൊഴിലന്തരീക്ഷം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹാൻടെക്സ് പ്രസിഡന്റ്‌ കെ മനോഹരൻ, മുൻ ഹാൻഡ്‌ലൂം ഡയറക്ടർ കെ എസ് പ്രദീപ്കുമാർ, കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ അക്കാദമിക് പ്രതിനിധി പ്രൊഫ. ആനന്ദക്കുട്ടൻ ഉണ്ണിത്താൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി അസി. പ്രൊഫസർ പി .ആർ ദിവ്യ, കണ്ണൂർ വീവേഴ്‌സ് സർവീസ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ എസ് .ടി സുബ്രഹ്മണ്യൻ എന്നിവരാണ് സമിതിയിലുള്ളത്. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ .എസ് ഷിറാസ് സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!