തോല്‍ക്കാന്‍ മനസില്ലാതെ ജയിക്കാന്‍ പഠിപ്പിച്ച് ജയന്‍; ഈ പി.എസ്.സി ക്ലാസ് വെറുതെയല്ല

മാരകരോഗമുണ്ട്, ഏതുസമയത്തും മരിക്കാമെന്ന് ഡോക്ടർ വിധിയെഴുതിയാൽ ആരാണ് തളരാതിരിക്കുക. പക്ഷേ, പാടൂർ സ്വദേശി ജയന് ഇതോടെ വാശി കൂടുകയാണ് ചെയ്തത്. എങ്ങനെയും ജീവിതത്തിൽ ജയിക്കണമെന്ന വാശി. ഇപ്പോൾ 41 വയസ്സുണ്ട്, ഫേഷ്യോ സ്കാപ്പുലോഹ്യുമെറൽ മസ്കുലർ ഡിസ്ട്രോഫി രോഗബാധിതനായ ജയന്.
24-ാം വയസ്സിലാണ് ആയുസ്സ് അധികമുണ്ടാകില്ലെന്ന് ചില ഡോക്ടർമാർ വിധിയെഴുതിയത്. അതിനെയെല്ലാം അതിജീവിച്ച് സ്വന്തമായി പി.എസ്.സി. കോച്ചിങ് സെന്റർ തുടങ്ങി യുവാക്കൾക്ക് വിജയവഴി തെളിക്കുകയാണ് ജയൻ; ശരീരം ദിനംതോറും പിന്നോട്ടടിക്കുന്നുണ്ടെങ്കിലും മനസ്സ് നൽകുന്ന കരുത്തുകൊണ്ട്. ഇപ്പോൾ ഭിത്തികളിൽ ഉറപ്പിച്ച കമ്പിയിൽ പിടിച്ചുമാത്രമാണ് നടക്കാനാകുക. പത്തുമീറ്റർ നടക്കാൻ പത്തുമിനിറ്റിലേറെ േവണം.
കരുവന്തലയിലെ ജയൻസ് അക്കാദമിയിലെ പരിശീലനത്തിലൂടെ സർക്കാർജോലി നേടിയവരെയും പി.എസ്.സി. പട്ടികയിലിടം നേടിയവരെയും അനുമോദിക്കാനെത്തിയ ജി.എസ്. പ്രദീപ് പറഞ്ഞതിങ്ങനെ-‘‘അനുമോദിക്കുന്നത് വിജയികളെയല്ല, വിജയത്തിലേക്ക് നയിച്ച അക്കാദമിയുടെ ഡയറക്ടർ ഇ.കെ. ജയനെയാണ്. അദ്ദേഹത്തിന്റെ ജീവിതത്തെയാണ്’’.
അങ്ങനെ സ്വന്തമായി പി.എസ്.സി. കോച്ചിങ് സെന്റർ തുടങ്ങി. ഞായറാഴ്‌ചകളിൽ എല്ലാവർക്കും സൗജന്യ പരിശീലനം. നിരവധിപേർക്ക് ജോലി കിട്ടി. പി.എസ്.സി. റാങ്ക് പട്ടികയിലും കുറേപ്പേർ ഇടംനേടി.
തൃശ്ശൂരിലെ ശ്രീകേരളവർമ കോളേജിൽനിന്ന് ബി.എ. ഫിലോസഫിയും ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കുക്കിങ്ങിൽ ഡിപ്ലോമയും പാസായ ജയൻ നാട്ടിലെ പ്രണയം ദാന്പത്യത്തിലേക്ക് എത്തിക്കാനായി വിദേശത്ത് പോകാനിരുന്നതായിരുന്നു. പക്ഷേ, നടന്നില്ല. നാട്ടിൽ യുവജനപ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിനിടെ എൽ.എൽ.ബി.ക്ക് പ്രവേശനം കിട്ടി. അതിനിടെ കാലുകൾക്ക് ബലക്ഷയം േതാന്നി. വിശദപരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞത്.
രാഷ്ട്രീയം ഉപേക്ഷിച്ച് ഫിഷറീസ് വകുപ്പിൽ അഞ്ചുവർഷം പ്രോജക്ട് കോ-ഒാർഡിനേറ്ററായി. ജലാശയങ്ങൾ കുറവായ െവങ്കിടങ്ങ് പഞ്ചായത്തിന് മത്സ്യസമൃദ്ധി പദ്ധതിയിലെ സംസ്ഥാന പുരസ്‌കാരം വാങ്ങിക്കൊടുത്തശേഷം ജോലി ഉപേക്ഷിച്ചു. ഇതിനിടെ രോഗം കലശലായി. നടക്കുന്നതിനിടെ പൊടുന്നനെ വീണുതുടങ്ങി.
2017-ൽ നാട്ടിൽ ട്യൂഷൻ സെന്ററിന്റെ ഭാഗമായി പി.എസ്.സി. കോച്ചിങ് കേന്ദ്രം തുറന്നു. അഞ്ചുപേർ ചേർന്നതിൽ അവശേഷിച്ചത് രണ്ടുപേർ മാത്രം. അവിടെനിന്ന് മാറി വെങ്കിടങ്ങിൽ വാടകക്കെട്ടിടത്തിൽ സ്വന്തം പേരിട്ട് കോച്ചിങ് കേന്ദ്രം തുറന്നു.
2018-ൽ സ്ഥാപനം വളർച്ച തുടങ്ങി. നൂറോളം വിദ്യാർഥികൾ എത്തിയപ്പോൾ 2019-ൽ സ്ഥലം വാടകയ്ക്കെടുത്ത് കടം വാങ്ങി വലിയ കെട്ടിടവും നിർമിച്ചു. അതോടെ കോവിഡ്കാലം തുടങ്ങി, സ്ഥാപനം പൂട്ടി. കടം പെരുകി. പിന്നീട് കോവിഡ് മാറിയപ്പോൾ കരുവന്തലയിൽ വാടകക്കെട്ടിടത്തിൽ ജയൻസ് അക്കാദമി തുറന്നു. പരിശീലനം നേടാൻ നിരവധിപേരുണ്ട്. ജയനാണ് പ്രധാന പരിശീലകൻ. പുറമേനിന്ന് പരിശീലകരെത്തും. 800 രൂപയാണ് മാസം ഫീസ്. പണമില്ലാത്തവർ നൽകേണ്ട. ഞായറാഴ്‌ച എല്ലാവർക്കും സൗജന്യ പരിശീലനമാണ്.