നഗരസഭയുടെ അനാസ്ഥയ്ക്കെതിരെ ഓട്ടോ തൊഴിലാളികളുടെ സമരം

പയ്യന്നൂർ : സി.പി.എം ഭരിക്കുന്ന നഗരസഭയ്ക്കെതിരെ സിഐടിയു നിയന്ത്രണത്തിലുള്ള ഓട്ടോറിക്ഷ തൊഴിലാളികളുടെ സമരം. ട്രാഫിക് കമ്മിറ്റി തീരുമാനം നടപ്പാക്കണമെന്നും ഇടറോഡുകൾ ഗതാഗത യോഗ്യമാക്കണമെന്നും നിലവിലുള്ള ഓട്ടോ പാർക്കിങ് കേന്ദ്രങ്ങൾ ഓട്ടോറിക്ഷ സ്റ്റാൻഡുകളാക്കി അംഗീകരിക്കണമെന്നുമാണ് ആവശ്യങ്ങൾ.
ട്രാഫിക് കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ നഗരസഭ കാട്ടുന്ന വിമുഖതയാണ് ഓട്ടോ തൊഴിലാളികളെ ചൊടിപ്പിച്ചത്. ടൗണിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ കഴിഞ്ഞ ട്രാഫിക് കമ്മിറ്റി യോഗം സുപ്രധാന തീരുമാനങ്ങൾ എടുത്തിരുന്നു. അതൊന്നും നടപ്പാക്കിയില്ലെന്നു മാത്രമല്ല ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമാവുകയും ചെയ്തു.
ഒരു പോലീസുകാരനെ പോലും ഗതാഗത നിയന്ത്രണത്തിന് അനുവദിക്കാനും തയാറായില്ല. ഹോം ഗാർഡിന്റെ പ്രധാന തൊഴിൽ വിവിധ വിദ്യാലയങ്ങളിലെ വിദ്യാർഥികളെ റോഡ് മുറിച്ച് കടക്കാൻ സഹായിക്കുക എന്നതിൽ ചുരുങ്ങിയെന്ന് ഇവർ ആരോപിച്ചു. ടൗണിന് സമീപമുള്ള പ്രധാന ഇടറോഡുകളെല്ലാം തകർന്നു കിടക്കുന്നു.
മഴ മാറിയിട്ട് റോഡ് ഗതാഗതയോഗ്യമാക്കാമെന്ന നഗരസഭയുടെ തീരുമാനം ഓട്ടോ ഡ്രൈവർമാരെ ചൊടിപ്പിച്ചു. രണ്ടാഴ്ച ബൈപാസ് റോഡ് അടച്ചു പൂട്ടി പെരുമ്പ ദേശീയപാത മുതൽ മഠത്തുംപടി അമ്പലം വരെ ടാർ ചെയ്ത റോഡിനെ കുറിച്ചും പരാതി ഉയർന്നു. ഈയൊരു സാഹചര്യത്തിലാണ് നൂറുകണക്കിന് ഓട്ടോ തൊഴിലാളികൾ സിഐടിയു നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ചും ധർണയും നടത്തിയത്.
‘ഞങ്ങൾ കൂടി ഉൾപ്പെട്ട ഭരണമാണെന്നറിയാം. എങ്കിലും ഓട്ടോറിക്ഷ തൊഴിലാളികളുടെ നിലനിൽപിന് സമരമല്ലാതെ മറ്റ് മാർഗമില്ലെന്ന്’ നേതാക്കൾ അറിയിച്ചു. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം കെ.വി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി യു.വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.വി.പത്മനാഭൻ, കെ.ചന്ദ്രൻ, എം.ടി.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.