ശാന്തി തീരം പൊതുശ്മശാനം ഇന്ന് നാടിന് സമർപ്പിക്കും

ഉളിക്കൽ : പഞ്ചായത്തിലെ പൊയ്യൂർക്കരിയിൽ പണിത ആധുനിക വാതക പൊതുശ്മശാനമായ ‘ശാന്തി തീരം’ ഇന്ന് 11ന് സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഷാജി അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ മുഖ്യാതിഥിയാകും. ഉളിക്കൽ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ – ബ്ലോക്ക് പഞ്ചായത്തുകളുടെ ധനസഹായത്തോടെ 91 ലക്ഷം രൂപ ചെലവിലാണ് പൊയ്യുർക്കരിയിൽ ആധുനിക രീതിയിൽ ഉള്ള വാതക പൊതുശ്മശാനം നിർമിച്ചത്.
ശ്മശാനത്തിന്റെ പ്രവർത്തനങ്ങൾ ജനുവരി പകുതിയോടെ പൂർണരൂപത്തിൽ നടപ്പാക്കാൻ കഴിയും എന്നാണു പ്രതീക്ഷയെന്ന് പ്രസിഡന്റ് പി.സി.ഷാജി പറഞ്ഞു. ഗ്യാസ് പ്ലാന്റിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തീകരിച്ചു.
നടത്തിപ്പുക്കാർക്കുള്ള പരിശീലനവും പൂർത്തിയായി. 10 മുതൽ 6 മണി വരെയാണ് ശ്മശാനത്തിന്റെ പ്രവൃത്തി സമയം. മൃതദേഹം സംസ്കരിക്കുന്നതിന് 4500 രൂപയാണ് ഫീസ് ഈടാക്കുക. പട്ടിക ജാതി – പട്ടിക വിഭാഗക്കാർക്ക് ഇളവ് നൽകാനും ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.