പ്രതിരോധമരുന്ന് ഉണ്ടെങ്കിലും ടെറ്റനസ് ബാധിക്കുന്നവർ ഇപ്പോഴും; കാരണം അജ്ഞത

കൊല്ലം:ഫലപ്രദമായ പ്രതിരോധമരുന്ന് ഉണ്ടെങ്കിലും അജ്ഞതകാരണം ടെറ്റനസ് ബാധിക്കുന്നവർ ഇപ്പോഴുമുണ്ടെന്ന് പഠനം. 2008 മുതൽ 2019 വരെയുള്ള 12 വർഷത്തെ രോഗികളുടെ വിവരങ്ങളും രോഗവും നിരീക്ഷിച്ചശേഷം തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പഠനം ഇന്ത്യൻ ജേണൽ ഓഫ് അപ്ളൈഡ് റിസർച്ചിന്റെ ഡിസംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചു.
രോഗനിർണയത്തിനു വളരെ എളുപ്പമുള്ള സ്പാറ്റുലാ ടെസ്റ്റും പഠനസംഘം വികസിപ്പിച്ചെടുത്തു. സ്പാറ്റുല വായിൽ വെച്ചാലുള്ള പ്രതികരണത്തിൽനിന്ന് ടൈറ്റനസ് പോസിറ്റീവ് ആണോ എന്നു മനസ്സിലാക്കാം.
12 കൊല്ലത്തിനുള്ളിൽ 32-നും 64-നും ഇടയിൽ പ്രായമുള്ള ആറുപേർക്കാണ് കേരളത്തിൽ ടെറ്റനസ് ബാധിച്ചത്. പ്രതിരോധമരുന്ന് സാർവത്രികവും വില കുറഞ്ഞതുമാണെങ്കിലും ഇതെടുക്കാതിരിക്കുന്നതാണ് കേസുകൾ വരാൻ കാരണം. മുറിവുപരിപാലനം, പ്രതിരോധമരുന്ന് എടുക്കാനുള്ള അവബോധം മെച്ചപ്പെടുത്തുക എന്നീ നടപടികളുടെ ആവശ്യകതയും പഠനം മുന്നോട്ടുവെക്കുന്നു.
മുറിവുണ്ടായാൽ കൃത്യമായ ചികിത്സ എടുക്കാതിരിക്കുകയും മണ്ണ്, ചാണകം തുടങ്ങിയവയുമായി സമ്പർക്കത്തിലേർപ്പെടുകയും ചെയ്യുമ്പോൾ ടെറ്റനസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ടെറ്റനസിന്റെ ആദ്യ വിവരണം 3,000 വർഷങ്ങൾക്കുമുമ്പ് ഈജിപ്തിൽനിന്നാണ്. മുറിവുകൾവഴി ഉള്ളിൽ പ്രവേശിക്കുന്ന ബാക്ടീരിയ തലച്ചോറിലെത്തി പേശികളെ ബാധിക്കുന്നു. ഈ ഘട്ടത്തിൽ മരണസാധ്യത കൂടുതലാണ്.
ഫലപ്രദമായ പ്രതിരോധ കുത്തിവെപ്പ് 1923 മുതലാണ് നിലവിൽവന്നത്. രോഗം ബാധിച്ചാൽ ഇമ്യൂണോഗ്ളോബുലിൻ ചികിത്സയാണ് ഉള്ളത്. വിജയസാധ്യത കുറവാണ്. കേരളത്തിൽ അതിഥിത്തൊഴിലാളികൾക്കിടയിൽ ടെറ്റനസ് പ്രതിരോധമരുന്നിനെക്കുറിച്ച് അവബോധം ഉണ്ടാക്കേണ്ടതുണ്ടെന്നും പഠനസംഘം പറയുന്നു.
ഡോ. അതുല്യ ജി.അശോകൻ, ഡോ. എബ്രഹാം വർഗീസ്, ഡോ. ഫിലിപ്പ് മാത്യു, ഡോ. രാജീവ് അരവിന്ദാക്ഷൻ, ഡോ. ഇജാസ് മുഹമ്മദ് ഖാൻ, ഡോ. അർച്ചനാലത എന്നിവരടങ്ങുന്ന സംഘത്തിന്റേതാണ് പഠനം.