2023ല്‍ പുറത്തിറങ്ങുന്ന ഐഫോണുകളിലും ടൈപ്പ് സി ചാര്‍ജര്‍ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍
2024 അവസാനത്തോടെ ഐഫോണ്‍ ഉള്‍പ്പടെയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ പൂര്‍ണമായും യു.എസ്.ബി ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടുകളിലേയ്ക്ക്മാറണമെന്ന് യൂറോപ്യന്‍ യൂണിയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 2024 ഡിസംബര്‍ 28 അവസാന തീയതിയായി യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചതായാണ് വിവരങ്ങള്‍. നിലവില്‍ ഭൂരിഭാഗം ആന്‍ഡ്രോയിഡ് ഫോണുകളും ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ട് ഉപയോഗിക്കുന്നതിനാല്‍ ഐഫോണിനെയാണ് യൂറോപ്യന്‍ യൂണിയന്റെ നീക്കം കൂടൂതലും ബാധിക്കുക.
അന്തിമ തീയതി യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചെങ്കിലും 2023ല്‍ പുറത്തിറങ്ങുന്ന ഐഫോണിലും നിലവില്‍ ഉപയോഗിക്കുന്ന ലൈറ്റ്‌നിങ് ചാര്‍ജിങ് പോര്‍ട്ടിന് പകരം ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ട് ഉപയോഗിക്കാന്‍ സാധ്യതയില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇലക്ട്രോണിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടുകളിലേയ്ക്ക് മാറാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനമെടുത്തത്. ഇതോടുകൂടി ഉപഭോക്താക്കള്‍ക്ക് അവരുടെ ഉപകരണങ്ങള്‍ക്കെല്ലാം കൂടി ഒരു ചാര്‍ജര്‍ തന്നെ ഉപയോഗിച്ചാല്‍ മതിയാവും.
2024 അവസാനത്തോടെ യൂറോപ്യന്‍ യൂണിയനില്‍ വില്‍ക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളിലും ടാബ് ലെറ്റുകളിലും ക്യാമറകളിലും ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ട് ആയിരിക്കും. 2026 മുതല്‍ ഈ നിബന്ധന ലാപ്ടോപ്പുകള്‍ക്കും ബാധകമാകും. ഇതോടെ ഓരോ ഉപകരണം വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ പ്രത്യേകം ചാര്‍ജര്‍ വാങ്ങേണ്ട സ്ഥിതി ഇല്ലാതാവും. കൊണ്ടു നടക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കെല്ലാം ഒരു ചാര്‍ജര്‍ തന്നെ എല്ലാ ഉപകരണങ്ങള്‍ക്കും ഉപയോഗിക്കാം.
100 വാട്സ് വരെ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വീഡിയോ ഗെയിമിങ് കണ്‍സോളുകള്‍, ടാബ് ലെറ്റുകള്‍, ഫോണുകള്‍, ഹെഡ്ഫോണുകള്‍, ഹെഡ്സെറ്റുകള്‍, ഡിജിറ്റല്‍ ക്യാമറകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയ്ക്കെല്ലാം യുഎസ്ബി ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ട് ആയിരിക്കും.
യൂറോപ്യന്‍ യൂണിയന്റെ പാതയില്‍ തന്നെ നീങ്ങാനാണ് ഇന്ത്യയുടെയും തീരുമാനം. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കെല്ലാം യൂണിവേഴ്സല്‍ ചാര്‍ജര്‍ വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം മൊബൈല്‍ ഫോണ്‍ കമ്പനികളും അംഗീകരിച്ചിട്ടുണ്ട്.