കടലിനക്കരെ എത്തിക്കും കൈത്തറിപ്പെരുമ

കണ്ണൂർ: പരമ്പരാഗത കൈത്തറി ഉൽപ്പന്നങ്ങൾക്ക് ലോക വിപണിയിൽ കൂടുതൽ സാധ്യതകൾതേടി സംസ്ഥാന സർക്കാരും വ്യവസായ വാണിജ്യ വകുപ്പും നടത്തുന്ന പ്രവർത്തനങ്ങളുടെ മുന്നോടിയായി അഞ്ചംഗ വിദഗ്ധസംഘം ജില്ലയിലെ വിവിധ കൈത്തറി സംഘങ്ങൾ സന്ദർശിച്ചു. കൈത്തറിക്കും മറ്റ് ഹാൻഡിക്രാഫ്‌റ്റുകൾക്കും വിദേശരാജ്യങ്ങളിൽ നല്ല സ്വീകാര്യതയും മികച്ച മാർക്കറ്റുമുണ്ട്. ഇത് പ്രയോജനപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യം. ഇതിനുമുന്നോടിയായി കൈത്തറി വ്യവസായം ലാഭകരമാക്കാൻ ആവശ്യമായ നിർദേശങ്ങൾ വിദഗ്ധസംഘം സമർപ്പിക്കും.
ഹാൻഡ്‌ലൂം ഡയറക്ടർ കെ. എസ് അനിൽകുമാർ, ഹാൻഡ്‌ലൂം മുൻ ഡയറക്ടർ കെ .എസ് .പ്രദീപ്കുമാർ, കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ അക്കാദമിക് പ്രതിനിധി പ്രൊഫ. ആനന്ദക്കുട്ടൻ ഉണ്ണിത്താൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി പ്രതിനിധി പി .ആർ. ദിവ്യ, കണ്ണൂർ വീവേഴ്‌സ് സർവീസ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ എസ്. ടി സുബ്രഹ്മണ്യൻ എന്നിവരടങ്ങിയതാണ് വിദഗ്‌ധസംഘം. കണ്ണൂർ ഹാൻവീവിലെത്തിയ സംഘത്തെ ചെയർമാൻ ടി കെ ഗോവിന്ദൻ, മാനേജിങ് ഡയരക്ടർ അരുണാചലം സുകുമാരൻ എന്നിവർ സ്വീകരിച്ചു.
ചിറക്കൽ വീവേഴ്‌സിൽ പ്രസിഡന്റ് കല്ലേൻ മോഹനൻ, സെക്രട്ടറി ടി .ഷിനോജ് കുമാർ, കല്യാശേരി വീവേഴ്‌സിൽ പ്രസിഡന്റ് കെ .ലക്ഷ്മണൻ, സെക്രട്ടറി കെ .പി സന്തോഷ്‌കുമാർ, കാഞ്ഞിരോട് പ്രസിഡന്റ് കെ. ശശി, സെക്രട്ടറി എ. മഹേഷൻ, കൗസല്യ വീവേഴ്‌സിൽ പ്രസിഡന്റ് ടി .രമേശൻ, സെക്രട്ടറി കെ .ബിന്ദു, ഐ.ഐ.എച്ച്ടി.യിൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രീധന്യൻ, ലോക്‌നാഥ് വീവേഴ്സിൽ പ്രസിഡന്റ് എ. പവിത്രൻ, സെക്രട്ടറി പി. വിനോദ് കുമാർ എന്നിവർ സംഘത്തെ സ്വീകരിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ കൈത്തറി മേഖലയിലെ വിവിധ രംഗങ്ങളിൽ ഉള്ളവരുമായി വെള്ളി രാവിലെ 9.30 മുതൽ ലൂം ലാൻഡ് കെടിഡിസി ഹാളിൽ ചർച്ച നടത്തും.