കണ്ണൂർ: പൈപ്പ് ലൈൻ വഴി പാചകവാതകം കൂടുതൽ വീടുകളിലേക്ക് എത്തിക്കാനുള്ള നടപടിയുമായി ഗെയിൽ. ഇതിനായി 200 കിലോമീറ്റർ ദൂരപരിധിയിൽ കൂടി പൈപ്പ് ലൈൻ വലിക്കാനുള്ള ടെൻഡർ നടപടി ഗെയിൽ ആരംഭിച്ചു. നിലവിൽ കണ്ണൂർ കോർപറേഷനിലെ രണ്ട് വാർഡുകളിലെ 90 വീടുകളിലാണ് പൈപ്പിലൂടെ പാചകവാതകം എത്തിക്കുന്നത്. 200 വീടുകളിലാണ് ഇതിനായുള്ള പ്ലംബിങ് പ്രവൃത്തികൾ പൂർത്തിയാക്കിയത്. അവശേഷിക്കുന്ന 110 വീടുകളിൽ ഈ മാസംതന്നെ കണക്ഷൻ നൽകാനുള്ള തയാറെടുപ്പിലാണ് അധികൃതർ. കൂടാളി, മുണ്ടേരി, അഞ്ചരക്കണ്ടി ഭാഗങ്ങളിലാണ് നിലവിൽ പൈപ്പ് വഴി കണക്ഷൻ ലഭിച്ച വീടുകൾ.
കോർപറേഷനിലെ എട്ട് വാർഡുകളിലെ വീടുകളിൽ രണ്ടാം ഘട്ടത്തിൽ കണക്ഷൻ നൽകും. ഇതിനായി ഏതാണ്ട് 160 കിലോമീറ്റർ ദൂരത്തിൽ പൈപ്പ് ലൈൻ വലിക്കേണ്ടിവരും. ഇതിനായുള്ള ഇ- ടെൻഡറാണ് ഗെയിൽ ഇപ്പോൾ ക്ഷണിച്ചിരിക്കുന്നത്. ഡിസംബർ പത്തിനകം ഓൺലൈൻ ടെൻഡറിനുള്ള അപേക്ഷ സമർപ്പിക്കണമെന്നാണ് നിർദേശം. നിലവിൽ ജില്ലയിൽ കൂടാളിയിലാണ് സിറ്റി ഗ്യാസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഈ സ്റ്റേഷനിൽ നിന്നുമാണ് ജില്ലയിലെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള വിതരണത്തിന്റെ നിയന്ത്രണം.
കൂടാളിയിലെ ഗ്യാസ് സ്റ്റേഷന് സമീപമുള്ള വീട്ടുകാർക്കാണ് ആദ്യം കണക്ഷൻ നൽകിയത്. തുടർന്നായിരുന്നു ജില്ലയിൽ മുഴുവൻ പദ്ധതി വ്യാപിപ്പിക്കാനുള്ള തീരുമാനം. കാലാവസ്ഥ അനുകൂലമായാൽ അടുത്തവർഷം പകുതിയോടെ രണ്ടാംഘട്ട വിതരണം പൂർത്തിയാക്കാനാണ് ഗെയിൽ അധികൃതരുടെ തീരുമാനം. മഴ കാരണം ആദ്യഘട്ടത്തിൽ പൈപ്പ് ലൈൻ പ്രവൃത്തിയടക്കം നീണ്ടുപോയിരുന്നു. ജില്ലയിലെ 53 വില്ലേജുകളിലെ 82 കിലോമീറ്റർ പ്രദേശത്തിലൂടെയാണ് കൊച്ചി-മംഗളൂരു ഗെയിൽ മേജർ പൈപ്പ് ലൈൻ കടന്നുപോകുന്നത്.
ഘട്ടംഘട്ടമായി തലശ്ശേരി-മാഹി മെയിൻ പൈപ്പ് ലൈനിന്റെയും തളിപ്പറമ്പിലേക്കുള്ള ലൈനിന്റെയും പണി തുടങ്ങും. സ്റ്റേഷനിൽനിന്ന് മർദം കുറച്ചാണ് വീടുകളിലേക്ക് പാചകവാതകം നൽകുക. എന്നാൽ, ഭൂപ്രകൃതിയുടെ പ്രത്യേകത കാരണം മലയോരത്ത് പൈപ്പ് ലൈൻ വലിക്കൽ കടുത്ത പ്രതിസന്ധിയായാണ് ഗെയിൽ എൻജിനീയറിങ് വിഭാഗത്തിന്റെ കണക്കുകൂട്ടൽ.
വളവും കുന്നും കൂടുതലുള്ള ജില്ലയുടെ മലയോരമേഖലയിൽ പൈപ്പ് ലൈൻ വലിക്കൽ പ്രവൃത്തിക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. പൊതു പൈപ്പിൽനിന്ന് വീടുകളിലേക്കുള്ള കണക്ഷൻ 15 മീറ്റർവരെ സൗജന്യമാണ്. ഉപയോഗിക്കുന്നതിനുമാത്രം വില നൽകിയാൽ മതി. 24 മണിക്കൂറും ലഭ്യമാകും. എൽ.പി.ജി പാചകവാതകത്തെക്കാൾ 30 ശതമാനം വില കുറച്ചാണ് ഗാർഹിക ഉപഭോക്താക്കൾക്ക് ഗ്യാസ് വിതരണം ചെയ്യുക.