അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ലക്ഷ്വറി ബസുകളിൽ കൂടുതലായും കയറുന്നത് ഐടി ജീവനക്കാരും, പ്രൊഫഷണൽ വിദ്യാർത്ഥികളും, ലക്ഷ്യം മനസിലാക്കി പോലീസ്

Share our post

തൃശൂർ: സംസ്ഥാനത്തേക്കുള്ള ലഹരിക്കടത്തിന് കൊറിയർ, തപാൽ മാർഗം വ്യാപകമായി ലഹരിമാഫിയ സംഘങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ പശ്ചാത്തലത്തിൽ, ലഹരിക്കടത്ത് തടയാനായി കൊറിയർ സർവീസുകാർക്ക് എക്‌സൈസ് വകുപ്പിന്റെ നിർദ്ദേശം. സ്ഥിരമായി പാഴ്‌സൽ വരുന്ന മേൽവിലാസം നിരീക്ഷിക്കണമെന്നാണ് പ്രധാന നിർദ്ദേശം.കൊറിയർ കൈപ്പറ്റാൻ വരുന്നവരിൽ സംശയമുണ്ടെങ്കിൽ ഉദ്യോഗസ്ഥരെ അറിയിക്കണമെന്നത് അടക്കമുള്ള നിർദ്ദേശങ്ങളും എല്ലാ കൊറിയർ സർവീസുകൾക്കും നൽകും.

പരിശോധനയില്ലാത്തതിനാൽ കൊറിയർ ശൃംഖലകൾ വഴി ഓരോ ദിവസവും ഒഴുകുന്നത് ലക്ഷങ്ങളുടെ ലഹരിയാണ്. ഇങ്ങനെ ലഹരിയിടപാട് നടത്തുന്നതായി സംശയിക്കുന്ന അൻപതിലേറെ പേർ സംസ്ഥാനത്ത് എക്‌സൈസിന്റെയും കസ്റ്റംസിന്റെയും നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം.കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് കൊറിയർ സർവീസിലൂടെ ലഹരി കടത്തിയതായി കണ്ടെത്തിയിരുന്നു. വീര്യത്തിനൊപ്പം വിലയും കൂടിയ സിന്തറ്റിക് ലഹരിമരുന്നുകളായ എം.ഡി.എം.എയും, എൽ.എസ്.ഡിയുമെല്ലാം മില്ലിഗ്രാം അളവിലും ലഹരിയുണ്ടാക്കും. ഇത് ആവശ്യക്കാരിലെത്തിക്കാൻ തപാൽക്കവർ മാത്രം മതിയാകും.

അങ്കമാലിയിൽ കൊറിയർ വഴി ലക്ഷങ്ങളുടെ ലഹരിക്കടത്ത് പോലീസ് പിടികൂടിയതോടെ അന്വേഷിക്കാൻ റേഞ്ച് ഡി.ഐ.ജിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.മഹാരാഷ്ടയിൽ നിന്നുമാണ് കൊറിയർ അയച്ചിട്ടുള്ളതെന്നും സംസ്ഥാനന്തര മയക്കുമരുന്ന് സംഘമാണ് ഇതിന് പിന്നിലുള്ളതെന്നും കണ്ടെത്തിയിരുന്നു. വിദേശീയരും സംഘത്തിലുണ്ടെന്നും സൂചന കിട്ടിയിരുന്നു. മറ്റ് മാർഗങ്ങളിൽ കൊണ്ടുവരുമ്പോൾ പൊലീസ് പിടികൂടുന്നതിനാലാണ് കൊറിയർ തെരഞ്ഞെടുക്കുന്നത്.

പലപ്പോഴും മേൽവിലാസക്കാരനായിരിക്കില്ല കൊറിയർ കൈപ്പറ്റുന്നത്. ഫേസ് ബുക്ക്, വാട്‌സ് ആപ്പ്, ഇൻസ്റ്റഗ്രാം, ടെലഗ്രാം എന്നിവയ്ക്ക് പുറമേ ഇന്റർനെറ്റിലെ അധോലോകമെന്നറിയപ്പെടുന്ന ഡാർക്ക് വെബ് വഴിയും ലഹരി മാഫിയകൾ തന്ത്രങ്ങൾ മാറ്റിപ്പയറ്റുന്നുണ്ട്.അന്യസംസ്ഥാന ബസും നിരീക്ഷണത്തിൽബംഗളൂരുവിലേക്കും മറ്റ് ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കുമുള്ള സംസ്ഥാന ബസുകളുടെ എണ്ണം കൂടിയിട്ടുണ്ട്. പ്രൊഫഷണൽ വിദ്യാർത്ഥികളും ഐ.ടി ജീവനക്കാരുമെല്ലാമാണ് ഇതിലേറെയും യാത്രക്കാർ.

രാസലഹരി പദാർത്ഥങ്ങൾ പ്രൊഫഷണൽ വിദ്യാർത്ഥികളടക്കം കൂടുതലായി ഉപയോഗിക്കുന്നതായാണ് കണ്ടെത്തൽ. ചില ചലച്ചിത്രതാരങ്ങളും വൻകിട ബിസിനസുകാരും അന്യസംസ്ഥാന മയക്കുമരുന്ന് സംഘങ്ങളുടെ ഇരകളാകുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ അന്യസംസ്ഥാന വാഹനങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന വാഹനങ്ങളിലും കർശന പരിശോധന നടത്താനാണ് ശ്രമം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!