മയ്യഴിയിൽ പിടിമുറുക്കി എം.ഡി.എം.എ

മാഹി: മദ്യമൊഴുകും മയ്യഴിപ്പുഴക്കരയിൽ ഇപ്പോൾ മയക്കുമരുന്നും സുലഭം. കേവലം ഒൻപത് ചതുരശ്ര കി.മീ. വിസ്തീർണ്ണവും, നാൽപ്പതിനായിരത്തോളം ജനസംഖ്യയുമുള്ള കൊച്ചു മാഹിയിൽ, ചില്ലറ മൊത്ത മദ്യഷാപ്പുകളുടെ എണ്ണം 68. ലഹരിയിൽ മയങ്ങുന്ന മയ്യഴിക്കിപ്പോൾ ഭീഷണി മദ്യത്തേക്കാൾ മയക്ക് മരുന്നിന്റെ ശക്തമായ സാന്നിദ്ധ്യമാണ്. നേരത്തെതന്നെ കഞ്ചാവ് വിപണന കേന്ദ്രമായിരുന്ന പൂഴിത്തലയും, തൊട്ടടുത്ത
മയ്യഴിയോട് ചേർന്നുള്ള കേരളക്കരയിലെ അഴിയൂർ മേഖലയും ഇപ്പോൾ എം.ഡി.എം.എ പോലുള്ള മയക്ക് മരുന്നുകളുടെ പ്രഭവ കേന്ദ്രമായി മാറിയിട്ടുണ്ട്.
സ്‌കൂൾ വിദ്യാർത്ഥികളെ പ്രത്യേകിച്ച് പെൺകുട്ടികളെയടക്കം ഉപയോഗപ്പെടുത്തി, യുവതികളടക്കമുള്ള മാഫിയാ സംഘം നടത്തിവരുന്ന മാരകമായ മയക്കുമരുന്ന് വിപണനം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് തലശ്ശേരി, മാഹി, ചൊക്ലി മേഖലകളിലേക്കുള്ള ലഹരി വിപണനത്തിന്റെ ശൃംഖലയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം പുറത്തായത്. അഴിയൂരിലെ ഒരു പ്രമുഖ വിദ്യാലയത്തിലെ പതിമൂന്നോളം കുട്ടികൾ ലഹരിമരുന്നിന്നടിമയായിട്ടുണ്ടെന്നറിയുന്നു. ബിസ്‌ക്കറ്റ് നൽകിയാണ് ഒരു ചേച്ചി ആദ്യം വശത്താക്കിയതെന്ന് ഇരയായ പെൺകുട്ടി പറയുന്നു. ബിസ്‌ക്കറ്റ് കഴിച്ചാൽ വീണ്ടും വേണമെന്ന അഭിനവേശമുണ്ടാകും.
പിന്നീട് മണപ്പിക്കാനുള്ള പൊടി നൽകി. ഒടുവിൽ ലഹരി കുത്തി വെക്കുന്നിടം വരെയെത്തി. പൊടി ശ്വസിച്ചാൽ പിന്നെ ഒന്നും അറിയില്ലത്രെ. തങ്ങളുടെ വരുതിയിലായാൽ ഈ കുട്ടികളെ ഉപയോഗിച്ച് സ്‌കൂൾ ബാഗുകളിലാക്കി മറ്റിടങ്ങളിലേക്ക് ലഹരി വസ്തുക്കൾ എത്തിക്കുകയാണ് ചെയ്യുന്നത്.സ്‌കൂളിലെ കബഡി താരവും, സ്റ്റുഡന്റ്സ് പൊലീസുമൊക്കെയായ പെൺകുട്ടിയെയാണ് മാഫിയാ സംഘം ആദ്യം കെണിയിൽ വീഴ്ത്തിയത്. കരിയർമാരുടെ ശരീരത്തിൽ ചില അക്ഷരങ്ങളും, മോജോകളും വരച്ചാണ് ഇവർ ലക്ഷ്യസ്ഥാനങ്ങളിൽ ലഹരി വസ്തുക്കൾ എത്തിക്കുന്നത്.
ചോമ്പാല പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും തെളിവുകളുടെ അഭാവത്തിൽ തുടർനടപടികൾ സ്വീകരിക്കാനായില്ല.പുതുച്ചേരിയിൽ ആദ്യ കേസ് മാഹിയിൽപുതുച്ചേരി സംസ്ഥാനത്ത് തന്നെ ആദ്യമായി എം.ഡി.എം.എ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് മാഹിയിലാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ രണ്ട് സംഘങ്ങളെ മാഹി പൊലീസ് പിടികൂടുകയുണ്ടായി. പന്തക്കലിൽ വെച്ച് എം.ഡി.എം.എയുമായി പിടികൂടപ്പെട്ട അഭ്യസ്തവിദ്യരായ രണ്ട് യുവാക്കളിൽ നിന്നും ലഹരി വസ്തുക്കൾ കടത്താനുള്ള അറകളും ഹുക്കയും, വേയിംഗ് മെഷീനുമെല്ലാം പിടിച്ചെടുത്തിരുന്നു.
മംഗളൂരുവുമായി ബന്ധമുള്ള സംഘമാണിത്. പള്ളൂർ വയലിൽ നിന്നും പിടിയിലായ മറ്റൊരു എം.ഡി.എം.എ.വിപണന സംഘത്തിനും ബംഗളൂരു അടക്കമുള്ള അന്തർ സംസ്ഥാന ബന്ധങ്ങളുണ്ട്. നിരോധിത ലഹരി വസ്തുക്കൾ പലവട്ടം പിടിക്കപ്പെട്ടിട്ടും മൂലക്കടവ്, മാക്കുനി ഭാഗത്ത് പരസ്യമായി തന്നെ വിൽപ്പന തുടരുകയാണ്.