സ്ഥിരതയില്ലാതെ വെബ്സൈറ്റ്; കർഷകർ ആശങ്കയിൽ

പേരാവൂർ: വില 139 ലും താഴേക്ക് എത്തിയപ്പോൾ വില സ്ഥിരത ഫണ്ടിൽ പുതിയ അംഗത്വം എടുക്കുന്നതിനുള്ള വെബ് സൈറ്റ് അപ്രത്യക്ഷമായത് റബർ കർഷകരെ ആശങ്കയിലാക്കി. നവംബർ 30 ന് രാവിലെ ആണ് വെബ് സൈറ്റ് പൂട്ടിയതായി കർഷകർ കണ്ടെത്തിയത്. ഇക്കാര്യം കൃഷി മന്ത്രിയെ കണ്ട് സണ്ണി ജോസഫ് എം.എൽ.എ അറിയിച്ചതിനെ തുടർന്ന് 6 ന് വീണ്ടും സൈറ്റ് പ്രവർത്തനം തുടങ്ങി. രണ്ട് ദിവസത്തേക്ക് മാത്രമാണ് സൈറ്റ് പ്രവർത്തിക്കുക എന്നാണ് ലഭിക്കുന്ന വിവരം. ഓഗസ്റ്റ് മാസത്തിലാണ് സൈറ്റ് തുറന്നത്.
ഇന്നലെ രാവിലെ 140 രൂപയാണ് റബർ വില ഉണ്ടായിരുന്നത് എങ്കിൽ വൈകുന്നേരം ആയപ്പോൾ വില 139 ൽ എത്തി. വില സ്ഥിരത ഫണ്ട് പ്രകാരം അടിസ്ഥാന വില 170 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. റബറിന്റെ അടിസ്ഥാന വില 200 രൂപ ആക്കി ഉയർത്തും എന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഉമ്മൻ ചാണ്ടി സർക്കാർ വിലസ്ഥിരത ഫണ്ട് പദ്ധതി ആരംഭിച്ച കാലത്ത് നിശ്ചയിച്ച 150 രൂപ തന്നെയാണ് സമീപ കാലം വരെ ലഭിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുൻപാണ് വില 170 രൂപയാക്കി ഉയർത്തിയത്. എന്നാൽ, പിന്നീട് മാർക്കറ്റിൽ വില 180 നും മുകളിൽ വന്നതോടെ ഫണ്ടിൽ നിന്ന് തുക വിനിയോഗിക്കേണ്ടതായി വന്നിരുന്നില്ല. പിന്നീട് വില കറയാൻ തുടങ്ങിയപ്പോൾ മാത്രമാണ് കർഷകർ ഇൻസന്റീവിനായി സർക്കാരിനെ സമീപിച്ച് തുടങ്ങിയത്. അതിന് ഇടയിലാണ് പുതിയ റജിസ്ട്രേഷനുള്ള സൈറ്റ് അപ്രത്യക്ഷമായത്. ജനുവരി 31 വരെ എങ്കിലും പുതിയ റജിസ്ട്രേഷൻ അനുവദിക്കണം എന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.