പയ്യന്നൂർ പോസ്റ്റ് ഓഫീസ് വാടക കെട്ടിടത്തിൽ: സ്വന്തമായുള്ള ഭൂമി കാടുകയറുന്നു

പയ്യന്നൂർ: കാറ്റും വെളിച്ചവും കടക്കാത്ത അസൗകര്യംകൊണ്ട് വീർപ്പുമുട്ടുന്ന വാടക കെട്ടിടത്തിൽ ഇനിയും തുടരാനാണ് പയ്യന്നൂർ പോസ്റ്റ് ഓഫീസിന്റെ വിധി. കോടികൾ വിലമതിക്കുന്ന സ്വന്തം സ്ഥലം കാട് പിടിച്ച് കിടക്കുമ്പോഴാണ് പോസ്റ്റ് ഓഫീസ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെ കാലമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.കേളോത്ത് നാരങ്ങാതോടിന് സമീപം പ്രധാന റോഡിനോട് ചേർന്നുള്ള 19 സെന്റ് സ്ഥലം1991ൽ 84,899 രൂപയ്ക്കാണ് പോസ്റ്റ് ഓഫീസിനായി അക്വയർ ചെയ്ത് എടുത്തത്. കുറേവർഷം അനാഥമായി കിടന്ന സ്ഥലത്തിന് ചുറ്റും പിന്നീട് മതിൽ കെട്ടി ഗേറ്റും സ്ഥാപിച്ചെങ്കിലും കാലപ്പഴക്കത്താൽ ഇരുമ്പ് ഗേറ്റ് തുരുമ്പെടുത്ത് നശിക്കാൻ തുടങ്ങി.
സ്ഥലം ആണെങ്കിൽ നഗരമദ്ധ്യത്തിൽ ചെറിയ ഒരു വനത്തിന്റെ പ്രതീതി സൃഷ്ടിച്ച് കാട് പിടിച്ച് കിടക്കുന്നു. സ്വന്തം സ്ഥലമുള്ള ഇടങ്ങളിലെല്ലാം കെട്ടിടം നിർമ്മിച്ച് വാടക കൊടുക്കുന്നത് ഒഴിവാക്കുക എന്ന നയത്തിന്റെ ഭാഗമായി ചെറുപുഴ, ചെറുകുന്ന് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കെട്ടിട നിർമ്മാണത്തിന് പോസ്റ്റൽ വകുപ്പ് നടപടി തുടങ്ങിയെങ്കിലും പയ്യന്നൂരിലെ സ്ഥലം സംബന്ധിച്ച് എല്ലാവരും വിസ്മൃതിയിലാണ്ടത് പോലെയാണുള്ളത്.പ്രധാന റോഡിൽ നിന്ന് ഉള്ളിലേക്ക് മാറി ഗോഡൗൺ മാതൃകയിലുള്ള കെട്ടിടത്തിൽ വാടകയിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസിൽ വൈദ്യുതി ഇല്ലെങ്കിൽ കൂരിരുട്ടിൽ പരസ്പരം കൂട്ടിമുട്ടുന്ന സ്ഥിതിയാണ്.
പോസ്റ്റ് ഓഫീസ് എന്നതിന് ഒരു ബോർഡ് പോലും വയ്ക്കാൻ സ്ഥലമില്ലാത്ത കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസ് ചിരപരിചിതർക്കല്ലാതെ മറ്റൊരാൾക്കും മനസ്സിലാകുകയുമില്ല. നേരത്തെ നാരങ്ങാ തോടിന് സമീപമുള്ള വാടക കെട്ടിടത്തിലാണ് പോസ്റ്റ് ഓഫീസ് പ്രവർത്തിച്ചിരുന്നതെങ്കിലും അസൗകര്യം മൂലം വലഞ്ഞപ്പോഴാണ് മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറ്റിയത്.12 ബ്രാഞ്ചുകൾപയ്യന്നൂർ പോസ്റ്റ് ഓഫീസിന് കീഴിൽ 12 ബ്രാഞ്ചുകളാണ് നിലവിലുള്ളത്. അന്നൂർ, ചാലോട്, എരമം, കാനായി, കണ്ടങ്കാളി, കണ്ടോത്ത്, കാങ്കോൽ, കവ്വായി, കോറോം, മാത്തിൽ, വെള്ളൂർ എന്നിവ കൂടാതെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനും പയ്യന്നൂരിന്റെ കീഴിലാണ് വരുന്നത്.
റെയിൽവേ സ്റ്റേഷനിൽ നിന്ന് കൊണ്ടുവരുന്ന തപാൽ ഉരുപ്പടികൾ അടങ്ങിയ മെയിൽ ബാഗുകൾ ഏറെ ബുദ്ധിമുട്ടിയാണ് ജീവനക്കാർ ഒന്നാം നിലയിലുള്ള കെട്ടിടത്തിലേക്ക് കയറ്റുകയും ഇറക്കുകയും മറ്റും ചെയ്യുന്നത്.ചലനങ്ങളുണ്ട്, ചെറുതായിചില സംഘടനകളുടെയും മറ്റും ഇടപെടലുകൾ കാരണം കെട്ടിട നിർമ്മാണത്തിന് ആവശ്യമായ നടപടികൾ ആരംഭിക്കുകയും 2012 ൽ പയ്യന്നൂർ നഗരസഭ പ്ലാനും മറ്റ് അനുബന്ധ രേഖകളും സമർപ്പിക്കുകയും ചെയ്തിരുന്നു.
ഏറ്റുവുമൊടുവിൽ കെട്ടിട നിർമ്മാണത്തിന് മുന്നോടിയായി സ്ഥലത്തിന്റെ ബി.ടി.ആർ (അടിരേഖ) പകർത്തി കിട്ടുന്നതിനായി പോസ്റ്റൽ വകുപ്പ് , വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, നടപടികൾ എത്രമാത്രം മുന്നോട്ടുപോകുമെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നു.