അദൃശ്യരായ ഭിന്നശേഷിക്കാരെ കണ്ടെത്തുക വലിയ ഉത്തരവാദിത്തം: ഡോ. എം.കെ .ജയരാജ്

Share our post

അദൃശ്യരായി കഴിയുന്ന ഭിന്നശേഷി വിഭാഗക്കാരെ കണ്ടെത്തി ദൃശ്യതയിലേക്ക് കൊണ്ടുവരിക എന്നത് സമൂഹത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തമാണെന്ന് സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെൻറലി ചാലഞ്ച്ഡ് മുൻ ഡയറക്ടർ ഡോ. എം കെ ജയരാജ് പറഞ്ഞു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കായി സാമൂഹ്യ നീതി വകുപ്പ്, നാഷണൽ ട്രസ്റ്റ് പ്രാദേശിക സമിതി, ഹ്യുമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റ് എന്നിവ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ‘ഭിന്നശേഷി സൗഹൃദം എന്ത് എന്തിന്’ ഏകദിന ശിൽപശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അന്ധത ദൃശ്യമായ ഭിന്നശേഷിയാണെങ്കിൽ ബധിരത, ഓട്ടിസം തുടങ്ങിയവ അദൃശ്യമായ ഭിന്നശേഷിയാണ്. ഓട്ടിസം തിരിച്ചറിയാൻ പലപ്പോഴും ഡോക്ടർമാർക്ക് പോലും കഴിയാറില്ല. എത്രയും നേരത്തെ കണ്ടെത്തിയാൽ പല ഭിന്നശേഷിക്കാർക്കും തെറാപ്പിയിലൂടെയും ശസ്ത്രക്രിയയിലൂടെയും പരിമിതികളെ അതിജീവിക്കാൻ കഴിയും. നേരത്തെ കണ്ടുപിടിച്ചാൽ പ്രാഥമികമായ ഭിന്നശേഷി കുറക്കാനോ ഇല്ലാതാക്കാനോ കഴിയും. ഇല്ലെങ്കിൽ അത് രണ്ടാമത്തെയോ മൂന്നാമത്തെയോ തലത്തിലേക്ക് പോയി സങ്കീർണ്ണമാവും.

ഭിന്നശേഷിക്കാരിൽത്തന്നെ ലിംഗവിവേചനം നിലനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരായ സ്ത്രീകൾ പുറംലോകം കാണാതാതെ വീടിന്റെ ഇരുട്ടുകളിൽ അവർക്ക് ലഭിക്കേണ്ട നീതി നിഷേധിക്കപ്പെട്ട് കഴിയേണ്ടി വരുന്നു. ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസത്തിന്റെ മൂല്യം തിരിച്ചറിയപ്പെടാൻ കഴിയാതെ പോവുന്നത് സമൂഹത്തിന്റെ ദുരന്തമാണ്. ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസത്തിൽ കേരളം ഒരുപാട് മുന്നിലാണെങ്കിലും ഹിയറിംഗ് ഇംപയേഡ് ആയ കുട്ടികൾക്ക് പ്ലസ്ടുവിനപ്പുറം ഉപരിപഠന സാധ്യത ഇവിടെ കുറവാണ്. ഭിന്നശേഷി കുട്ടികളോടുള്ള മുൻവിധികൾ മാറ്റിവെച്ച് അവരുടെ വിദ്യാഭ്യാസത്തിൽ പൊതുസമൂഹത്തിന്റെ ഇടപെടൽ അത്യാവശ്യമാണ്.

അവരുടെ ശേഷികളെയാണ് ആഘോഷിക്കേണ്ടത്, പരിമിതികളെയല്ല-അദ്ദേഹം പറഞ്ഞു.ഓട്ടിസം, സെറിബ്രൽ പാൾസി, മാനസിക വൈകല്യം, ബഹുവൈകല്യം എന്നിവ ബാധിച്ച ഭിന്നശേഷിക്കാർക്ക് അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി 1999ൽ പാർലമെൻറ് പാസാക്കിയ നാഷനൽ ട്രസ്റ്റ് ആക്ട് സംബന്ധിച്ച് സ്‌റ്റേറ്റ് നോഡൽ ഏജൻസി സെൻറർ ചെയർമാൻ ഡി ജേക്കബ് ക്ലാസെടുത്തു.

ഈ ആക്ടിന് കീഴിലെ ജില്ലാ കലക്ടർ ചെയർമാനായ ലോക്കൽ ലെവൽ കമ്മിറ്റിയുടെ അധികാരങ്ങൾ, ലീഗൽ ഗാർഡിയൻഷിപ്പ്, നിരാമയ ഇൻഷൂറൻസ് പദ്ധതി എന്നിവ സംബന്ധിച്ച് അദ്ദേഹം വിശദമാക്കി.ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. എഡി.എം. കെ. കെ ദിവാകരൻ അധ്യക്ഷനായി. ജില്ലാ സാമൂഹികനീതി ഓഫീസ് സീനിയർ സൂപ്രണ്ട് പി കെ നാസർ, ജില്ലാ ലോ ഓഫീസർ സുരേഷ്, എൽഎൽസി കൺവീനർ പി.കെ.എം സിറാജ് എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!