കോർപ്പറേഷൻ ഓഡിറ്റ് റിപ്പോർട്ടിൽ വ്യാപക ക്രമക്കേട്: പിഴവുകൾ പരിശോധിക്കണമെന്ന് ഭരണ- പ്രതിപക്ഷ കൗൺസിലർമാർ

കണ്ണൂർ: സംസ്ഥാന ഓഡിറ്റ് വകുപ്പ് നടത്തിയ കോർപ്പറേഷന്റെ 2017-18 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ വ്യാപക ക്രമക്കേട്. നഗരസഭാ ഓഡിറ്റ് കാര്യാലയം സീനിയർ ഡെപ്യൂട്ടി ഡയറക്ടറുടെ കീഴിൽ നടത്തിയ ഓഡിറ്റിംഗിലാണ് പിഴവുകൾ കണ്ടെത്തിയത്. ഉദ്യോഗസ്ഥരുടെ വലിയ കെടുകാര്യസ്ഥതയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ഭരണ- പ്രതിപക്ഷ അംഗങ്ങൾ ഒരുപോലെ അഭിപ്രായപ്പെട്ടു.
ഓഡിറ്റ് റിപ്പോർട്ട് പ്രകാരം കോർപ്പറേഷന് കോടികളുടെ നഷ്ടമാണുണ്ടായതെന്ന് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. രാഗേഷ് പറഞ്ഞു. ഒരു വർഷവും മൂന്ന് മാസവും കൊണ്ട് തയ്യാറാക്കിയ ഈ റിപ്പോർട്ടിലെ ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കണമെന്നും രാഗേഷ് ആവശ്യപ്പെട്ടു.എന്നാൽ ഉദ്യോഗസ്ഥർ വീഴ്ചയെ കുറിച്ച് ഉത്തരവാദിത്വമില്ലാതെ സംസാരിക്കുന്നതായി മേയർ ഉൾപ്പെടെയുള്ളവർ ആരോപിച്ചു. തങ്ങളുടെ വിഴ്ചയല്ലെന്നും നേരത്തെയുണ്ടായ ഉദ്യോഗസ്ഥരാണ് കൈകാര്യം ചെയ്തതെന്നും തങ്ങളെ ഇതിൽ നിന്നും ഒഴിവാക്കണമെന്നുമാണ് പറയുന്നതെന്നും മേയർ പറഞ്ഞു.
കോഴിക്കോട് കോർപ്പറേഷനിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ കോർപ്പറേഷനും പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് യു.ഡി.എഫ് കൗൺസിലർ കെ.എം. സാബിറ പറഞ്ഞു. കോർപ്പറേഷന്റെ ഓപ്പണിംഗ് ബാലൻസ് പരിശോധിക്കണം. വരവ് ചെലവ് എത്രയെന്ന് പരിശോധിച്ച് ബാങ്കിൽ കണക്കനുസരിച്ചുള്ള തുകയുണ്ടെന്ന് ഫിനാൻസ് കമ്മിറ്റി ഉറപ്പു വരത്തണമെന്നും അവർ പറഞ്ഞു.എല്ലാ മാസവും അഞ്ചിന് മുൻപ് കണക്കുകൾ നോക്കി മോണിറ്ററിംഗ് ചെയ്യാൻ അക്കൗണ്ട്സ് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മേയർ മറുപടി നൽകി.
102 റിപ്പോർട്ടുകൾ ചോദിച്ച് 32 എണ്ണം മാത്രമാണ് നൽകിയിരിക്കുന്നത്.71 റിപ്പോർട്ടുകളുടെ കുറിപ്പ് പോലും നൽകാൻ കഴിയാത്ത അത്രയും അശക്തരാണോ ഉദ്യോഗസ്ഥരെന്ന് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ചോദിച്ചു. കൗൺസിലർമാരായ മാർട്ടിൻ ജോർജ്, ടി. രവീന്ദ്രൻ, കെ. സീത, എം. ശകുന്തള എന്നിവർ സംസാരിച്ചു.നൽകിയിരിക്കുന്ന ഓഡിറ്റ് റിപ്പോർട്ടിൽ പല കാര്യങ്ങളിലും അവ്യക്തതയുണ്ട്. നേരത്തെയുണ്ടായ ഭരണത്തെ മാത്രം കുറ്റം പറയാനാവില്ല.
ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലും ശ്രദ്ധയും വേണം. വീഴ്ച പരിശോധിച്ച് കണ്ടെത്തിയതിന് ശേഷമേ ഓഡിറ്റ് റിപ്പോർട്ട് അംഗീകരിക്കാനാകൂ.എൻ. സുകന്യ, എൽ.ഡി.എഫ്ഭരണാധികാരികൾ കൃത്യമായി ഉദ്യോഗസ്ഥരെ കൊണ്ട് കാര്യങ്ങൾ നടപ്പിലാക്കണം. ഭരണാധികാരികൾ ശ്രദ്ധിക്കാതെ പോയാൽ ഉദ്യോഗസ്ഥർ അലംഭാവം തുടരും. അത് പിന്നീട് ഭരണ സംവിധാനങ്ങളെ പഴി ചാരുന്നതിലേക്കെത്തിക്കും.