മേപ്പാടി ഗവ.പോളിയിൽ പോലീസ് റെയ്‌ഡ്‌: മയക്കുമരുന്ന്‌ ഉപയോഗിച്ചതിന്‌ തെളിവ്‌

Share our post

കൽപ്പറ്റ: മേപ്പാടി ഗവ. പോളിടെക്‌നിക് കോളേജിലെ വിദ്യാർഥികളുടെ താമസസ്ഥലങ്ങളിൽ പോലീസ് റെയ്‌ഡ്‌. വിദ്യാർഥികൾ മയക്കുമരുന്ന്‌ ഉപയോഗിച്ചിരുന്നതായി പൊലീസിന്‌ തെളിവുലഭിച്ചു. പുകയില നിറച്ച്‌ കത്തിച്ച്‌ വലിക്കാൻ ഉപയോഗിച്ച ഉപകരണമായ ‘ഹുക്ക’, എംഡിഎംഎ എത്തിച്ച പാക്കറ്റ്‌ തുടങ്ങിയവ താമസസ്ഥലങ്ങളിൽനിന്ന്‌ കണ്ടെടുത്തു. വിദ്യാർഥികൾക്കിടയിൽ വ്യാപകമായി ലഹരി ഉപയോഗിക്കുന്നതായുള്ള വീഡിയോ പ്രചരിച്ച സാഹചര്യത്തിലാണ്‌ പരിശോധന. കഴിഞ്ഞ വെള്ളിയാഴ്‌ച കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിനിടെ എസ്‌.എഫ്‌.ഐ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അപർണഗൗരിയെ കോളേജിലെ മയക്കുമരുന്ന്‌ സംഘം മർദിച്ചിരുന്നു.

തിങ്കൾ രാവിലെ എട്ട്‌ മുതൽ 12 വരെ അഞ്ച്‌ വീടുകളിലായിരുന്നു പരിശോധന. ഒരു വീട്ടിൽനിന്നാണ്‌ മയക്കുമരുന്ന്‌ ഉപയോഗിക്കുന്നതിനുള്ള വസ്‌തുക്കൾ പോലീസ് കണ്ടെടുത്തത്‌. ഹോസ്‌റ്റൽ ഇല്ലാത്തതിനാൽ കോളേജിന്‌ സമീപത്തെ വീടുകൾ വാടകയ്‌ക്കെടുത്താണ്‌ വിദ്യാർഥികൾ താമസിക്കുന്നത്‌. ഇവ കോളേജിന്റെ നിയന്ത്രണത്തിൽ അല്ലാത്തതിനാൽ വിദ്യാർഥികൾക്കിടയിലെ മയക്കുമരുന്ന്‌ ഉപയോഗം കണ്ടെത്താനോ തടയാനോ കോളേജ്‌ അധികൃതർക്ക്‌ സാധിക്കുന്നില്ല. സ്‌പെഷ്യൽ ബ്രാഞ്ച്‌ ഡി.വൈ.എസ്‌.പി എൻ. ഒ .സിബിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കോളേജിൽ യൂണിയൻ തെരഞ്ഞെടുപ്പിനിടെ അക്രമം നടന്നതോടെയാണ്‌ വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന്‌ ഉപയോഗം വ്യാപകമാണെന്ന്‌ വെളിവായത്‌. ജില്ലക്കുപുറത്തുനിന്നാണ്‌ ഇവിടേക്ക്‌ മയക്കുമരുന്ന്‌ എത്തുന്നതെന്ന്‌ പൊലീസ്‌ പറഞ്ഞു. വരുംദിവസങ്ങളിൽ പരിശോധന ശക്തമാക്കും. നേരത്തേ കോളേജിൽ പഠിച്ചവർ ഉൾപ്പെടെ ലഹരി വിൽപ്പനയുടെ ഏജന്റുമാരായി പ്രവർത്തിക്കുന്നതായി ദേശാഭിമാനി റിപ്പോർട്ട്‌ ചെയ്‌തിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!