തിരുവനന്തപുരം: സംസ്ഥാനത്ത് അധനികൃത നിയമനം നടക്കുന്നുവെന്നത് സംഘടിതമായ വ്യാജ പ്രചാരണമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികളോട് അനീതികാട്ടിയെന്ന് വരുത്തിത്തീര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ ഇത് നടക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ചട്ടങ്ങള്‍ പാലിക്കാതെ തിരുവനന്തപുരം നഗരസഭയില്‍ ഉള്‍പ്പെടെ നടത്തിയ അനധികൃത നിയമനങ്ങള്‍ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം നഗരസഭയിലെ നിയമനം സംബന്ധിച്ച കത്ത് വ്യാജമാണെന്ന് മേയര്‍ തന്നെ വ്യക്തമാക്കിയതാണ്. നിലവിലുള്ള ചട്ടങ്ങള്‍ പാലിച്ചുകൊണ്ടാണ് നിയമനങ്ങളെല്ലാം നടത്തിയിട്ടുള്ളത്. അല്ലാത്ത ഒന്നിനും സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. വിവാദം ഉയര്‍ന്നപ്പോള്‍ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എന്ന നിലയില്‍ അഭിമുഖ നടപടികള്‍ നിര്‍ത്തിവെക്കുകയും ഒഴിവുകളിലേക്ക് എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഇത്രയും സുതാര്യമായ നടപടി ക്രമങ്ങള്‍ പാലിച്ച നിയമനത്തിന്റെ കാര്യത്തിലാണ് വ്യാജ കത്തിന്റെ അടിസ്ഥാനത്തില്‍ കുപ്രചരണം നടത്തിക്കൊണ്ടിരിക്കുന്നത്. എഴുതാത്തതും കിട്ടാത്തതുമായ കത്തിനെക്കുറിച്ചാണ് ഈ വിവാദങ്ങളെല്ലാമെന്നും മന്ത്രി പറഞ്ഞു.
അടിയന്തര പ്രമേയ നോട്ടീസില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നിയമവിരുദ്ധമായ കരാര്‍ നിയമനം നടക്കുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയാണ് പ്രതിപക്ഷം. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ എല്‍ഡിഎഫ് മാത്രമല്ല ഭരിക്കുന്നത്. യുഡിഎഫ് ഭരിക്കുന്ന നൂറു കണക്കിന് തദ്ദേശസ്ഥാപനങ്ങളുണ്ട്. അവിടെയെല്ലാം ഒരേ രീതിയിലാണ് നിയമനം നടക്കുന്നത്. അനധികൃത നിയമനമെന്ന ആരോപണം ഉന്നയിക്കുക വഴി പ്രതിപക്ഷം യഥാര്‍ഥത്തില്‍ യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ നിയമന രീതിയെക്കുറിച്ച് കൂടിയാണ് ആക്ഷേപം ഉന്നയിക്കുന്നത്. താത്ക്കാലിക കരാര്‍ നിയമനങ്ങള്‍ ഉള്‍പ്പെടെ എല്ലാം നിയമാനുസൃതമായ ഓഡിറ്റുകള്‍ക്ക് വിധേയമാണ്. ചട്ടങ്ങളും വ്യവസ്ഥകളും ലംഘിച്ച് ഏതെങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍ നിയമനം നടത്തിയിട്ടുണ്ടെങ്കില്‍ അതെല്ലാം ഓഡിറ്റിലൂടെ അല്ലെങ്കില്‍ വിജിലന്‍സ് അന്വേഷണത്തിലൂടെ പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു.
ഒന്നാം പിണറായി സര്‍ക്കാറിന്റെയും രണ്ടാം പിണറായി സര്‍ക്കാറിന്റെയും കാലത്ത് പിഎസ്.സി വഴി നടത്തിയ നിയമനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും പിന്‍വാതില്‍ നിയമന ആക്ഷേപത്തെ പ്രതിരോധിക്കാന്‍ മന്ത്രി ശ്രമിച്ചു. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് 1.60 ലക്ഷത്തിലേറേ നിയമനങ്ങള്‍ പിഎസ്.സി വഴി നടന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ഒരുവര്‍ഷത്തെ ഭരണം പിന്നിടുമ്പോള്‍ 37840 നിയമനങ്ങള്‍ നടന്നു. ഇത്രയധികം നിയമനങ്ങള്‍ പിഎസ്.സി വഴി നടക്കുമ്പോള്‍ പിന്‍വാതില്‍ നിയമനം എന്ന ആക്ഷേപം തന്നെ അസാധുവാണെന്നും മന്ത്രി പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമനങ്ങള്‍ ശുപാര്‍ശ ചെയ്ത് യുഡിഎഫ് എംഎല്‍എമാരും മന്ത്രിമാരും അയച്ച കത്തുകള്‍ സഭയില്‍ വായിച്ചും പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിക്കാന്‍ മന്ത്രി ശ്രമിച്ചു. വ്യാജ പ്രചാരണങ്ങളുടെ മാത്രം അടിസ്ഥാനത്തിലുള്ള അടിയന്തര പ്രമേയ നോട്ടീസ് സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിക്ക് പിന്നാലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു.
അതേസമയം, തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ കത്ത് വ്യാജമാണെന്ന് മന്ത്രി എന്തടിസ്ഥാനത്തിലാണ് സഭയില്‍ പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇത്തരമൊരു നടപടിയിലൂടെ മന്ത്രി തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.