ഫുട്‌ബോൾ ടൂർണമെന്റുകളിൽ കണിശക്കാരനായ റഫറിയാണ് ഈ ക്ഷീരകർഷകൻ

കരിവെള്ളൂർ: ഫുട്‌ബോൾ ടൂർണമെന്റുകളിൽ കണിശക്കാരനായ റഫറിയാണ് ഈ ക്ഷീരകർഷകൻ. ഫൗൾ കണ്ടാൽ കളിക്കാരോട് പുറത്തേക്കുള്ള വഴികാട്ടുന്ന കൊഴുമ്മലിലെ പി. വി വിനീഷ് തന്റെ ഫാമിലെത്തിയാൽ സരസനാണ്. ഒരുപാട് ഇഷ്ടമാണ് പശുക്കളെയെന്ന് മറ്റൊന്നും ചിന്തിക്കാതെ ഈ യുവാവ് പറയും. ദിവസം പുലരുന്നതു മുതൽ കൂടുതൽ സമയം ചെലവഴിക്കുന്നതും പശുക്കൾക്കൊപ്പം. പ്രതിസന്ധികളെ ‘ പുല്ലുപോലെ’ അരിഞ്ഞുതള്ളി പശുവളർത്തലിൽ വിജയം നേടിയ വിനീഷിപ്പോൾ കരിവെള്ളൂർ–- പെരളം പഞ്ചായത്തിലെ മികച്ച യുവ കർഷകനുള്ള പുരസ്‌കാരവും നേടി.
ദിവസവും 260 ലിറ്റർ പാലുൽപ്പാദിപ്പിക്കുന്ന ഫാമിൽ 23 കറവപ്പശുക്കളും 14 കിടാവുമുണ്ട്. ജെ.എൽ.ജി സ്‌കീമിൽ അമ്മ വിലാസിനിയാണ് ആദ്യമായി പശുവിനെ വാങ്ങിയത്. പാൽ സൊസൈറ്റി ഡ്രൈവറായിരുന്ന വിനീഷ് 2019 ൽ കാർഷിക വികസന ബാങ്കിൽനിന്നും നാലുലക്ഷം രൂപ വായ്‌പയെടുത്ത് എട്ട് പശുക്കളെ വാങ്ങി. വീടിനോടുചേർന്ന് ചെറിയൊരു ഫാമും തുടങ്ങി. അത് വിജയമായതോടെ പെരളത്ത് കുറച്ചുകൂടി വിപുലമായ ഫാം ആരംഭിച്ചു.
വ്യാവസായിക അടിസ്ഥാനത്തിൽ പശുവളർത്താൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയാണ് ഈ മുപ്പത്തൊന്നുകാരൻ. സി.പി.ഐ .എം കൊഴുമ്മൽ സെൻട്രൽ ബ്രാഞ്ച് അംഗവും പെരളം സൗത്ത് ലോക്കൽ വളന്റിയർ ക്യാപ്‌റ്റനുമാണ്. ദിനേശ്ബീഡി തൊഴിലാളിയായ അച്ഛൻ കൃഷ്‌ണനും അമ്മ വിലാസിനിയും സഹോദരി വിനീഷയും പിന്തുണയുമായുണ്ട്.