തളിപ്പറമ്പിൽ അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബർ 19ന് തുടങ്ങും

തളിപ്പറമ്പ് : തളിപ്പറമ്പിൽ 19 മുതൽ 21 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രജിസ്‌ട്രേഷൻ തുടങ്ങി. മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.
19ന് വെെകിട്ട് നാലിന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തിരിതെളിക്കും. പ്രേക്ഷകരും ചലച്ചിത്രകാരന്മാരും സംവദിക്കുന്ന ഓപ്പൺ ഫോറവുമുണ്ടാകും. തളിപ്പറമ്പ് ക്ലാസിക്, ആലിങ്കീൽ തിയറ്ററുകളിലും മൊട്ടമ്മൽ ഓഡിറ്റോറിയത്തിലും സിനിമ പ്രദർശിപ്പിക്കും.
300രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. ചലച്ചിത്രമേളയോടനുബന്ധിച്ച് മണ്ഡലത്തിലെ ഗ്രന്ഥശാലാ ഭാരവാഹികൾ, നേതൃസമിതി കൺവീനർമാർ, താലൂക്ക് സമിതി അംഗങ്ങൾ എന്നിവരുടെ അവലോകന യോഗം ചേർന്നു. ടി. വി. ജയകൃഷ്‌ണൻ അധ്യക്ഷനായി. ചലച്ചിത്രമേള ഡയറക്ടർ ഷെറി ഗോവിന്ദ്, പി. പ്രശോഭ്, എം. സന്തോഷ്, വി. സി. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ എ. നിഷാന്ത് സ്വാഗതം പറഞ്ഞു.