നാടുണർത്തി ലഹരിവിരുദ്ധ സദസ്

കണ്ണൂർ: നാടിനെ ഇരുട്ടിലേക്ക് തള്ളിയിടുന്ന ലഹരിമാഫിയയ്‌ക്കെതിരെ നാടുണർത്തി എൽ.ഡി.എഫ് ലഹരിവിരുദ്ധ സദസ്. ഇന്നിന്റെ സന്തോഷത്തെയും നാളെയുടെ പ്രതീക്ഷകളെയും കരിച്ചുകളയുന്ന ലഹരിയുടെ കണ്ണികൾ പൊട്ടിച്ചെറിയുമെന്ന പ്രഖ്യാപനമാണ് ലഹരിവിരുദ്ധ സദസ്സുകളിൽ ഉയർന്നുകേട്ടത്.
കുട്ടികൾ മുതൽ പ്രായം ചെന്നവർ വരെ കക്ഷി രാഷ്‌ട്രീയഭേദമന്യേ ഒറ്റക്കെട്ടായി അണിനിരന്ന പരിപാടി ലഹരിമാഫിയയ്‌ക്കെതിരെ ഓരോരുത്തരും നാടിന് കാവലാളാകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
ജില്ലയിൽ നാലായിരത്തോളം കേന്ദ്രങ്ങളിലാണ് എൽ.ഡി.എഫ് ലഹരിവിരുദ്ധ സദസ് നടന്നത്.
കക്കാട് പുഴാതിയിൽ എൽഡിഎഫ് ജില്ലാ കൺവീനർ കെ .പി. സഹദേവനും എളയാവൂർ കാപ്പിച്ചേരിയിൽ സി.പി.ഐ .എം ജില്ലാ സെക്രട്ടറി എം വി ജയരാജനും ഉദ്‌ഘാടനം ചെയ്‌തു.