വൺവേ തെറ്റിച്ച് ബസ് പാഞ്ഞു, അപകടത്തിലേക്ക്

Share our post

കിഴുത്തള്ളി : വൺവേ തെറ്റിച്ച് ഓടിയ സ്വകാര്യ ബസ് കാറിൽ ഇടിച്ചു. താഴെചൊവ്വ നടാൽ ബൈപാസിൽ ഇന്നലെ രാത്രി 7.30 നാണു സംഭവം. കാറിലുണ്ടായിരുന്ന ഒരു യാത്രക്കാരനു പരുക്കേറ്റു. ഇയാളെ ചാലയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.പരുക്ക് ഗുരുതരമല്ല.

കോഴിക്കോട് നിന്ന് കണ്ണൂരിലേക്കു പോകുന്ന വാഹനങ്ങൾ ചാലക്കുന്നിൽ നിന്നു കിഴുത്തള്ളിയിലേക്കുള്ള പഴയ റോഡിലൂടെയും കണ്ണൂരിൽ നിന്ന് തലശ്ശേരി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ കിഴുത്തള്ളി–ചാലക്കുന്ന് ബൈപാസിലൂടെയും വൺവേ അടിസ്ഥാനത്തിൽ പോകണമെന്നാണു നിയമം.

രാത്രി സമയങ്ങളിലും രാവിലെയും വൺവേ തെറ്റിച്ചാണ് കോഴിക്കോട്, കൂത്തുപറമ്പ് ഭാഗങ്ങളിലേക്കു പോകുന്ന സ്വകാര്യ ബസുകൾ ഓടുന്നത്. ഇത്തരത്തിൽ അമിത വേഗത്തിൽ ഓടുന്ന ബസുകൾ അപകട ഭീതി ഉണ്ടാക്കിയതിനെ തുടർന്ന് യാത്രക്കാരും നാട്ടുകാരും ആശങ്കയിലായിരുന്നു.വൺവേ തെറ്റിച്ച് ഓടുന്ന ബസുകളെ തടയാൻ നാട്ടുകാർ ഒരുങ്ങുന്നതിനിടെയാണ് ഇന്നലെ രാത്രി നിയമം ലംഘിച്ച് ഓടിയ കണ്ണൂർ–കോഴിക്കോട് ബസ് കാറിൽ ഇടിച്ചത്.

അപകടം ഉണ്ടായ ഉടനെ കാറിലുള്ളവരെ ആശുപത്രിയിലേക്ക് അയച്ച നാട്ടുകാർ ബസ് ജീവനക്കാരെ ചോദ്യം ചെയ്തു.ഗതാഗത തടസ്സം ഒഴിവാക്കാൻ സ്ഥലത്തുണ്ടായിരുന്ന എടക്കാട് പോലീസ് ബസ് മാറ്റാൻ ശ്രമിക്കവേ നാട്ടുകാർ തടഞ്ഞു.

അപകടം ഉണ്ടാക്കിയ ബസ് അടക്കം രാത്രി സമയങ്ങളിൽ ഓടുന്ന മിക്ക ബസുകളും വൺവേ തെറ്റിച്ചാണ് ഓടുന്നതെന്നുപറഞ്ഞ നാട്ടുകാർ അപകടം ഉണ്ടാക്കിയ ബസ് ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.

വൺവേ തെറ്റിച്ച് ഓടുന്ന ബസുകൾക്കെതിരേ കർശന നടപടിയെടുക്കുമെന്നും അപകടമുണ്ടാക്കിയ ബസ് ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പോലീസ്അറിയിച്ചതോടെയാണ് ബസ് റോഡിൽ നിന്ന് മാറ്റാൻ നാട്ടുകാർ അനുവദിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!