റഗുലേറ്റർ കം ബ്രിജിൽ അടിഞ്ഞ മണൽ നീക്കണമെന്ന് ആവശ്യം

Share our post

ചെറുപുഴ: തേജസ്വിനിപ്പുഴയുടെ കമ്പിപ്പാലം ഭാഗത്തു നിർമിച്ച റഗുലേറ്റർ കം ബ്രിജിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജലം സംഭരിക്കുന്നതിനു മുന്നോടിയായി തടയണയിൽ അടിഞ്ഞുകൂടിയ മണലും ചെളിയും പുഴയിൽ വീണു കിടക്കുന്ന മരങ്ങളും നീക്കം ചെയ്യണം. എന്നാൽ ഇതിനുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്തു നിന്ന് ഇനിയും ഉണ്ടായിട്ടില്ല.

പുഴയിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യാതെ ഷട്ടർ ഇട്ടാൽ കുറഞ്ഞ അളവ് വെള്ളം സംഭരിക്കാൻ മാത്രമേ സാധിക്കൂ. തടയണയിൽ അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കം ചെയ്യുമെന്നു ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ പറയാൻ തുടങ്ങിയിട്ടു കാലം ഏറെയായി. എന്നാൽ പേരിന് ഒരു തവണ മാത്രമാണു മണൽ നീക്കം ചെയ്തത്.

ഇവിടെ നിന്നു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു നീക്കിയ മണൽ തടയണയുടെ താഴെ ഭാഗത്തു നിക്ഷേപിക്കുകയാണു ചെയ്തത്. ശക്തമായ മഴ പെയ്തതോടെ മണൽ മുഴുവൻ താഴേക്ക് ഒഴുകി പോയി. കണ്ണൂർ -കാസർകോട് ജില്ലകളിലെ ആയിരകണക്കിനാളുകൾ ആശ്രയിക്കുന്ന തേജസ്വിനിപ്പുഴ ഇപ്പോൾ നീർച്ചാൽ പോലെയായി.

ഇനിയും ഷട്ടർ ഇടാൻ താമസിച്ചാൽ പുഴയിൽ വെള്ളമില്ലാത്ത സ്ഥിതിയാകും. തടയണയിൽ ഷട്ടർ ഇടാൻ നല്ലൊരു തുക വേണം. എന്നാൽ തുച്ഛമായ തുക മാത്രമാണു അധികൃതർ നൽകുന്നത്. ബാക്കി തുക നാട്ടുകാരുടെ നേതൃത്വത്തിൽ സ്വരൂപിക്കുകയാണു ചെയ്യുന്നത്. ഇപ്പോൾ പുഴയുടെ ഇരുവശങ്ങളിലും വൻതോതിൽ മണലും ചെളിയും അടിഞ്ഞുകൂടിയ നിലയിലാണ്.

കണ്ണൂർ -കാസർകോട് ജില്ലകളിലെ മലയോര പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന ജലക്ഷാമവും ഗതാഗതപ്രശ്നവും പരിഹരിക്കാനാണു ചെറുപുഴ കമ്പിപ്പാലത്തിനു സമീപം തടയണ നിർമിച്ചത്. ഗതാഗത പ്രശ്നം പരിഹരിക്കാൻ സാധിച്ചുവെങ്കിലും ജലക്ഷാമം ഇന്നും രൂക്ഷമായി തുടരുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!