മുറവിളി കാതിലെത്തി; കരുവൻചാൽ പുതിയ പാലം നിർമ്മാണത്തിന് നടപടി

ആലക്കോട് : ജില്ലയിൽ മലയോര ഹൈവേയിലെ ഏറ്റവും പഴക്കം ചെന്നതും ഗതാഗതക്കുരുക്ക് രൂക്ഷവുമായ കരുവൻചാൽ പഴയ പാലത്തിനു പകരം പുത്തൻ പാലം നിർമ്മിക്കുന്നതിനുള്ള നടപടിയാകുന്നു. തുക നീക്കിവച്ച് ഒരു വർഷം കഴിഞ്ഞിട്ടും കടലാസുകൾ നീങ്ങാത്തതിനെ തുടർന്ന് ജനരോഷമുയർന്നതിന് പിന്നാലെയാണിത്.ഒരു വർഷം മുമ്പാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 6.8 കോടി രൂപ പാലത്തിനായി അനുവദിച്ചത്.
ബഡ്ജറ്റിൽ തുക നീക്കിവച്ചിട്ടും ടെൻഡർ നടപടി വൈകുകയായിരുന്നു. കേരളകൗമുദിയടക്കമുള്ള മാദ്ധ്യമങ്ങളിൽ ഇക്കാര്യം വാർത്തയായതിന് പിന്നാലെ ടെൻഡർ പൂർത്തിയായി. എന്നാൽ മഴ മൂലം പ്രവൃത്തി തുടങ്ങുന്നതിന് കാലതാമസം നേരിട്ടു. മഴ മാറിയതോടെയാണ് കരാറുകാരൻ പ്രവൃത്തി തുടങ്ങുന്നത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ സമയം കണക്കാക്കി ഈ മാസം തന്നെ നിർമ്മാണോദ്ഘാടനം ഉണ്ടാകുമെന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം.രണ്ട് സ്പാനുകളിലായാണ് നിർദ്ദിഷ്ട പാലം നിർമ്മിക്കുന്നത്.
പഴയപാലത്തിന് മുകൾ ഭാഗത്തായാണ് പുതിയ പാലം നിർമ്മിക്കുന്നത്. മലയോര ഹൈവേയിൽ കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഇടമാണ് കരുവൻചാൽ പാലം. ആംബുലൻസുകൾ പോലും ഇവിടെ കുടുങ്ങിക്കിടക്കാറുണ്ട്.ഒഴിയും കടുത്ത ഭീഷണിആറു പതിറ്റാണ്ടിന്റെ പഴക്കവും പേറി വാഹനയാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ഭീഷണിയായ സ്ഥിതിയിലാണ് പഴയ കരുവൻചാൽ പാലം.
വലിയ കുഴികളും വിള്ളലുകളും തകർന്ന കൈവരികളുമടക്കം ഏറെ ക്ളേശിച്ചാണ് ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്നത്. മലയോര, സംസ്ഥാന ഹൈവേകളുടെ ഭാഗം കൂടിയാണ് ഇതുവഴി പോകുന്ന റോഡ്.