ജയിലിനുള്ളിൽ നിയമ ലംഘനം അനുവദിക്കില്ല: മുഖ്യമന്ത്രി

Share our post

തിരുവനന്തപുരം: ജയിലിനുള്ളിൽ അന്തേവാസികൾക്ക്‌ നിയമലംഘനത്തിനുള്ള സാഹചര്യമുണ്ടാകരുതെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളോട്‌ മൃദുസമീപനമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അസി. പ്രിസൺ ഓഫീസർമാരുടെ പാസിങ്‌ ഔട്ട്‌ പരേഡിൽ സല്യൂട്ട്‌ സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൊബൈൽ, ലഹരി ഉപയോഗം തുടങ്ങി ചെറുതും വലുതുമായ ചില പരാതി ഉയർന്നിട്ടുണ്ട്‌. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ജയിലിനകത്ത്‌ പ്രോത്സാഹിപ്പിക്കരുത്‌. കുറ്റംചെയ്‌തവരെ കൊടും കുറ്റവാളികളാക്കുന്ന സാഹചര്യമുണ്ടാകരുത്‌. ഇത്തരം പരാതികളിൽ വീട്ടുവീഴ്‌ചയുണ്ടാകില്ല. വിചാരണത്തടവുകാരെ ശിക്ഷിക്കപ്പെട്ടവരെപ്പോലെ കാണരുത്‌.

കോടതി ശിക്ഷിക്കുംവരെ അവർ നിരപരാധികളാണെന്ന സമീപനമാണാവശ്യം. തടവുകാരുടെ അവകാശങ്ങളെ സംബന്ധിച്ച്‌ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ ലംഘിക്കരുത്‌. ജയിലിൽ എത്തിപ്പെടുന്നവർ ശിക്ഷാകാലാവധി പൂർത്തിയാക്കി പുറത്തിറങ്ങുന്നതു പുതിയ വ്യക്തിയായിട്ടാകണമെന്നു മുഖ്യമന്ത്രി പറഞ്ഞു.

15 വനിതകളടക്കം 152 അസി. പ്രിസൺ ഓഫീസർമാരാണ്‌ പരിശീലനം പൂർത്തിയാക്കിയത്‌. 28 എൻജിനിയറിങ്‌ ബിരുദധാരികളും 26 ബിരുദാനന്തര ബിരുദധാരികളും 71 ബിരുദധാരികളും ബിഎഡുകാരായ മൂന്നാളും ഡിപ്ലോമയുള്ള നാലാളും പ്ലസ്ടു യോഗ്യതയുള്ള 18 പേരുമാണ്‌ സേനയുടെ ഭാഗമായത്‌. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ, സിക ഡയറക്ടർ എൻ. എസ്‌ നിർമലാനന്ദൻ നായർ, ഡി.ഐ.ജി .എം. കെ .വിനോദ്‌കുമാർ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!