വാതിൽപ്പടി പാഴ്‌വസ്തു ശേഖരണം; കേളകം ഇനി സ്മാർട്ട്

വാതിൽപ്പടി പാഴ്‌വസ്തു ശേഖരണം ഡിജിറ്റലാക്കുന്നതിന്റെ ഉദ്ഘാടനംപഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് നിർവഹിക്കുന്നു
കേളകം: ഹരിതകർമസേനയെ ഉപയോഗിച്ചുള്ള വാതിൽപ്പടി പാഴ്‌വസ്തു ശേഖരണം കേളകം പഞ്ചായത്തിൽ ഇനി ഡിജിറ്റലാകും.ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ കെൽട്രോൺ വികസിപ്പിച്ചെടുത്ത ‘ഹരിത മിത്രം’ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കുന്നത്.
പഞ്ചായത്തിലെ ആൾ താമസമുള്ള വീടുകളിലും സ്ഥാപനങ്ങളിലും ഹരിത കർമസേനയുടെ നേതൃത്വത്തിൽ ക്യു ആർ കോഡ് പതിപ്പിച്ചു സബ്‌സ്‌ക്രിപ്ഷൻ ഉൾപ്പെടെ പൂർത്തിയാക്കിയിട്ടുണ്ട്.എല്ലാ മാസവും പ്ലാസ്റ്റിക്ക്, പ്ലാസ്റ്റിക് കവറുകൾ, കടലാസുകൾ എന്നിവയും ഓരോ മാസവും വിവിധ തരം പാഴ് വസ്തുക്കളും ഉൾപ്പെടെ ഇലക്ട്രോണിക്‌സ് തുലാസ് ഉപയോഗിച്ചു തൂക്കി വാങ്ങും.
യൂസർ ഫീ നൽകുന്നതുൾപ്പെടെ എല്ലാ വിവരവും ആപ്പിൽ രേഖപ്പെടുത്തും.ഹരിതകർമസേനയുടെ സേവനം ഏത് ദിവസം ലഭ്യമാകുമെന്ന് ഉപഭോക്താവിന് നേരത്തെ അറിയാൻ കഴിയും. വീടുകളിലെത്തി സേവനം ലഭ്യമായില്ലങ്കിലോ പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് കണ്ടാലോ ആപ്പ് വഴി പരാതിപ്പെടാൻ കഴിയും. പഞ്ചായത്ത് തലം മുതൽ സംസ്ഥാന തലം വരെ നിർവഹണ ഉദ്യോഗസ്ഥരുടെ നിരീക്ഷണവും ഇടപെടലും ഉണ്ടാവും.
ജില്ലയിൽ 30 തദ്ദേശ സ്ഥാപനങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. പേരാവൂർ ബ്ലോക്കിൽ കേളകം പഞ്ചായത്തിലാണ് ആദ്യം തുടങ്ങിയത്.പേരാവൂർ, കണിച്ചാർ, കോളയാട്, മാലൂർ പഞ്ചായത്തുകളിൽ ഈ മാസം മുതൽ സേവനം ലഭ്യമാകും.സർക്കാർ നിശ്ചയിച്ച മാലിന്യ ശേഖരണ കലണ്ടർ പ്രകാരം പ്രവർത്തിക്കുകയും ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് മികച്ച സേവനം നൽകുകയും ചെയ്യുന്ന പഞ്ചായത്തുകളാണ് പേരാവൂർ ബ്ലോക്ക് പരിധിയിലുള്ളത്.
ആപ്ലിക്കേഷൻ വഴി ക്യു ആർ കോഡ്സ്‌കാൻ ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ് സി .ടി. അനീഷ് പദ്ധതി ഉദ്ഘാടനം ചെയ്തു.ഹരിതകേരള മിഷൻ ജില്ലാ റിസോഴ്‌സ് പേഴ്‌സൺ നിഷാദ് മണത്തണ, ഹരിതകർമസേന അംഗങ്ങളായ സലോമി പൗലോസ്, വത്സല ഉമേഷൻ, ബിന്ദു റെജി തുടങ്ങിയവർ സംബന്ധിച്ചു