ലഹരി മാഫിയയെ ചോദ്യം ചെയ്‌തത്‌ സഹികെട്ട്‌

Share our post

തലശേരി: നെട്ടൂർ ഇല്ലിക്കുന്നിനെ ലഹരിവിൽപ്പനയുടെ കേന്ദ്രമാക്കുന്ന മാഫിയാസംഘത്തെ പ്രദേശത്തെ യുവാക്കൾ ചോദ്യംചെയ്‌തത്‌ സഹികെട്ട്‌. മയക്കുമരുന്നിനടിപ്പെട്ട യുവാക്കളുടെ കുടുംബത്തിന്റെ സങ്കടം കണ്ട്‌ നിൽക്കാനാവാതെയാണ്‌ നാട്ടുകാർ പ്രതികരിച്ചത്‌. പൊലീസ്‌ റെയ്‌ഡും കേസും ഉണ്ടായിട്ടും മാഫിയാ സംഘാംഗങ്ങൾ ലഹരിവിൽപ്പനയിൽനിന്ന്‌ പിന്മാറിയില്ല. പരാതി നൽകിയവരെ ശാരീരികമായി ആക്രമിച്ചും ഭയപ്പെടുത്തിയും കീഴടക്കാൻ ശ്രമിച്ചു.

ലഹരിവിൽപ്പനയും അതുവഴിയുള്ള വരുമാനവും നഷ്ടപ്പെടുമെന്ന ഭീതിയിലാണ്‌ പരാതിപ്പെട്ട ഡി.വൈ.എഫ്‌.ഐ യൂണിറ്റ്‌ സെക്രട്ടറി മുഹമ്മദ്‌ ഷബീലിനെ (20) നവംബർ 23ന്‌ ഉച്ചയോടെ വീട്ടിനടുത്ത്‌ വച്ച്‌ അടിച്ചുപരിക്കേൽപ്പിച്ചത്‌. ആസ്പത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ്‌ എത്തിയ ഷബീലിന്റെ പിതാവിനെയും ബന്ധുവിനെയും കുത്തിക്കൊന്നു. ലഹരിവിൽപ്പനക്ക്‌ വഴിയൊരുക്കാനും ജനങ്ങളെ ഭയപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്നാണ്‌ മാഫിയാസംഘം കരുതിയത്‌.

ഏതാനും വർഷമായി ഇല്ലിക്കുന്ന്‌ കേന്ദ്രീകരിച്ച്‌ എംഡിഎംഎയും കഞ്ചാവും ബ്രൗൺഷുഗറുമടക്കമുള്ള ലഹരി വിൽപ്പനയായിരുന്നു. കൊറിയറിലും ട്രെയിൻമാർഗവും മംഗളൂരുവിൽനിന്ന്‌ മത്സ്യവണ്ടിയിലും ലഹരി സുഗമമായി നാട്ടിലെത്തിച്ചു. ചെറുപ്പക്കാരെ ലഹരിയിലേക്ക്‌ ആകർഷിക്കാനും പലമാർഗങ്ങളും പ്രയോഗിച്ചു. വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം ഇൻക്വസ്‌റ്റ്‌ ചെയ്‌തപ്പോൾ വസ്‌ത്രത്തിൽ ഒളിപ്പിച്ചനിലയിൽ കഞ്ചാവ്‌ ലഭിച്ചത്‌ ഏതാനും മാസംമുമ്പാണ്‌.

ജാക്‌സന്റെ സുഹൃത്ത്‌ ഇല്ലിക്കുന്നിലെ ജേബിനെ ലഹരിവസ്‌തുക്കളുമായി തളിപ്പറമ്പിൽനിന്ന്‌ പിടികൂടി ജയിലിലടച്ചിരുന്നു. കുപ്രസിദ്ധ ക്വട്ടേഷൻ സംഘാംഗമായ ആർഎസ്‌എസ്സുകാരൻ കെ നവീനും സംഘത്തിൽ ചേർന്നതോടെയാണ്‌ വിൽപ്പന വിപുലീകരിച്ചത്‌. ജാക്‌സന്റെ ഭാര്യാസഹോദരനായ മുൻ ആർഎസ്‌എസ്സുകാരൻ പാറായി ബാബുവിന്റെ സംരക്ഷണവും സഹായവും ഇവർക്ക്‌ ലഭിച്ചു. പ്രതികളുടെ മൊബൈൽഫോൺ പരിശോധനയിൽ ലഹരിവിൽപ്പനയുടെ നിർണായക വിവരങ്ങൾ പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌.
തലശേരിയിൽ ഇന്ന്‌ 
 ലഹരി വിരുദ്ധ സദസ്
കണ്ണൂർ

ലഹരി മാഫിയാസംഘങ്ങളെ ഒറ്റപ്പെടുത്തുക എന്ന സന്ദേശമുയർത്തി എൽ.ഡി.എഫ്‌ നേതൃത്വത്തിൽ ശനി, ഞായർ ദിവസങ്ങളിൽ ലഹരിവിരുദ്ധ സദസ്സുകൾ നടത്തും. ശനിയാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ തലശേരി പുതിയ ബസ്‌സ്‌റ്റാൻഡിൽ എൽ.ഡി.എഫ്‌ കൺവീനർ ഇ. പി. ജയരാജൻ ഉദ്‌ഘാടനംചെയ്യും. ഞായറാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ ജില്ലയിലെ 4000 കേന്ദ്രങ്ങളിലും പരിപാടി നടക്കും. 11ന് തലശേരി ഏരിയയിലെ 11 കേന്ദ്രങ്ങളിൽ ബഹുജന കൂട്ടായ്മയും സംഘടിപ്പിക്കും.

സി.പി.ഐ. എം പ്രവർത്തകരായ പൂവനാഴി ഷെമീറിനെയും ബന്ധു കെ ഖാലിദിനെയും കുത്തിക്കൊന്ന ലഹരി മാഫിയാസംഘത്തിനെതിരായ ജനരോഷമായി തലശേരിയിലെ കൂട്ടായ്‌മ മാറും. ലഹരിവിൽപ്പനയെ ചോദ്യംചെയ്‌ത വിരോധത്തിൽ നവംബർ 23ന്‌ വൈകിട്ടാണ്‌ രണ്ടുപേരെയും മാഫിയാസംഘം കുത്തിക്കൊന്നത്‌.
മയക്കുമരുന്നിനെതിരായ ബോധവൽക്കരണവും നിയമ നടപടിയും എൽ.ഡി.എഫ്‌ സർക്കാർ തുടരുന്നതിനിടെയാണ്‌ കേരളത്തെയാകെ നടുക്കിയ അരുംകൊല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!