കണിച്ചാർ ഇനി സമ്പൂർണ ലൈബ്രറി പഞ്ചായത്ത്

കണിച്ചാർ: സംസ്ഥാനത്ത് പണിയ കോളനിയിൽ ലൈബ്രറിയുള്ള ഏക പഞ്ചായത്തായ കണിച്ചാറിന് ഇനി സമ്പൂർണ ലൈബ്രറി പഞ്ചായത്തെന്ന ഖ്യാതിയും. എല്ലാ വാർഡുകളിലും ലൈബ്രറി സ്ഥാപിച്ചാണ് വായനലോകത്ത് കണിച്ചാർ പഞ്ചായത്ത് പുതിയ ചുവടുവെപ്പിന് തുടക്കമിട്ടത്. 13 വാർഡുകളുള്ള പഞ്ചായത്തിൽ 17 ലൈബ്രറികളുണ്ട്. വാർഡുകളിലെ 14 എണ്ണത്തിന് പുറമെ ആറ്റാഞ്ചേരി പണിയ കോളനിയിൽ ഒന്നും, വെള്ളറ, ചെങ്ങോം ട്രൈബൽ കോളനികളിൽ ഒന്ന് വീതവും ലൈബ്രറികളാണ് പഞ്ചായത്തിലുള്ളത്.
സമ്പൂർണ പഞ്ചായത്ത് പ്രഖ്യാപനം കഥാകൃത്ത് ടി. പത്മനാഭൻ നിർവഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷനായി.
ഡോ. വി. ശിവദാസൻ എം.പി. മുഖ്യാതിഥിയായി. കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, ആറ്റാംചേരി പണിയ കോളനി ഊരുമൂപ്പൻ ചന്ദ്രൻ, കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, ജില്ലാ പഞ്ചായത്തംഗം വി. ഗീത, കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം മൈഥിലി രമണൻ, ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ജിത്ത് കമൽ, സംസ്ഥാന കമ്മിറ്റിയംഗം കെ.എ. ബഷീർ, പി.കെ. മണി തുടങ്ങിയവർ സംസാരിച്ചു.
തിങ്കളാഴ്ച പിറന്നാൾ ആഘോഷിക്കുന്ന ടി. പത്മനാഭന് പൽപ്പു സ്മാരക സ്കൂൾ വിദ്യാർഥികൾ പിറന്നാൾ കേക്ക് നൽകി. പണിയ സമുദായത്തിന്റെ പരമ്പരാഗതരീതിയിൽ ഉടുക്കുകൊട്ടിയാണ് കോളനി നിവാസികൾ കഥാകാരനെ സ്വീകരിച്ചത്. ഊരുമൂപ്പനും പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബസ്റ്റ്യനും ചേർന്ന് പൊന്നാടയണിയിച്ചു.